ലണ്ടന്‍: പുരസ്‌കാരങ്ങള്‍ ഈജിപ്തുകാരന്‍ മുഹമ്മദ് സലാഹിന് പുതുമയല്ല. പക്ഷേ സീസണിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് ലിവര്‍പൂളിന്റെ മുന്നേറ്റ നിരക്കാരനെ ഇന്നലെ തേടിയെത്തിയത്. ഇ.എ സ്‌പോര്‍ട്‌സ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരമാണ് സലാഹിനെ തേടിയെത്തിയത്. പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍, ഫുട്‌ബോള്‍ എഴുത്തുകാരുടെ അസോസിയേഷന്‍ എന്നിവരുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സലാഹിന് തന്നെയായിരുന്നു. യുര്‍ഗന്‍ ക്ലോപ്പിന്റെ സംഘത്തിന് വേണ്ടി സീസണില്‍ 43 ഗോളുകളാണ് സലാഹ് നേടിയത്. റോമയില്‍ നിന്നും ലിവര്‍പൂളിലെത്തിയ താരം ടീമിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുന്നതിലും നിര്‍ണായക സ്ഥാനമാണ് വഹിച്ചത്. ഈ വര്‍ഷത്തെ ലിവര്‍പൂള്‍ ക്ലബ്ബിന്റെ പ്ലെയര്‍ ഓഫ് ദി ഇയറും പ്ലെയേഴ്‌സ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും 25കാരനായ സലാഹിന് നേരത്തെ ലഭിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ ഡിബ്രുയിന്‍, റഹീം സ്റ്റര്‍ലിങ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ഡേവിഡ് ഡി ഗ്വിയ, ടോട്ടന്‍ഹാം താരം ഹാരി കെയ്ന്‍, ബേണ്‍ലിയുടെ ജയിംസ് താര്‍കോസ്‌കി, എന്നിവരെ മറികടന്നാണ് സലാഹിന്റെ പുരസ്‌കാര നേട്ടം. മൈക്കല്‍ ഓവന്‍, ലൂയിസ് സുവരസ് എന്നിവര്‍ക്ക് ശേഷം ലിവര്‍പൂളില്‍ നിന്നും ഈ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ താരമാണ് സലാഹ്. പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച ഈജിപ്ഷ്യന്‍ തന്റെ മാനേജറായ ക്ലോപ്പിന് പ്രത്യേകം നന്ദി പറഞ്ഞു. പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവന്ന് മികവ് തെളിയിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നു എന്നും സലാഹ് പറഞ്ഞു.