ന്യൂഡല്‍ഹി: ബുക്കിങ് 2000 കടന്നതോടെ എംജി മോട്ടോഴ്‌സിന്റെ ഗ്ലോസ്റ്റര്‍ പ്രീമിയം എസ്‌യുവിയുടെ വില ഉയര്‍ത്തി. ഒരു ലക്ഷം രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 28.98 ലക്ഷം രൂപ മുതല്‍ 35.38 ലക്ഷം രൂപ വരെയായിരുന്നു ഇന്ത്യയിലെ വില. നിലവില്‍ 29.98 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ച നാലാമത്തെ വാഹനമാണിത്.
ആദ്യ 2000 ബുക്കിങ്ങിന് ശേഷം വില കൂടുമെന്ന് നേരത്തെ തന്നെ കമ്പനി അറിയിച്ചിരുന്നു. അവതരിപ്പിച്ച് ഒരാഴ്ചക്കകം തന്നെ ബുക്കിങ് 2000 കടന്നു. ഇതോടെയാണ് വില കൂട്ടിയത്. സൂപ്പര്‍, ഷാര്‍പ്പ്, സ്മാര്‍ട്ട്, സാവി എന്നീ നാല് വേരിയന്റുകളിലാണ് ഗ്ലോസ്റ്റര്‍ എത്തുന്നത്. ഇതില്‍ അടിസ്ഥാന വേരിയന്റിന് മാത്രമേ വലിയ തോതിലുള്ള വില ഉയര്‍ന്നിട്ടുള്ളൂ. ഏറ്റവും ഉയര്‍ന്ന വേരിയന്റായ സാവിക്ക് 20,000 രൂപ മാത്രമാണ് വില ഉയര്‍ന്നത്. മറ്റ് രണ്ട് വേരിയന്റുകള്‍ക്കും വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒക്ടോബര്‍ എട്ടിനാണ് എം.ജിയുടെ ഈ പ്രീമിയം എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഉത്സവ സീസണോട് അനുബന്ധിച്ച് അവതരിപ്പിച്ചതാണ് വാഹനത്തിന്റെ ബുക്കിങ്ങ് ഉയരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ മാസത്തെ എം.ജിയുടെ മൊത്തവില്‍പ്പനയില്‍ ആറ് ശതമാനത്തിന്റെ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.