X

ജലകരാര്‍ പിന്‍വലിച്ച പഞ്ചാബിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഹരിയാനയും അയല്‍സംസ്ഥാനങ്ങളുമായുള്ള ജലകരാറുകള്‍ ഏകപക്ഷീയമായി പിന്‍വലിച്ച പഞ്ചാബ് സര്‍ക്കാറിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി. മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കരാറില്‍ നിന്ന് പഞ്ചാബിന് ഏകപക്ഷീയമായി പിന്‍മാറാനാകില്ലെന്നും ജസ്റ്റിസ് അനില്‍ ആര്‍ ധവേ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു.

ഹരിയാനയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണം മുടങ്ങിയ സത്‌ലജ്-യമുന കരാര്‍ പൂര്‍ത്തീകരിക്കാനും കോടതി ഉത്തരവിട്ടു. ഹരിയാന, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ജമ്മുകശ്മീര്‍, ഡല്‍ഹി, ചണ്ഡീഗഡ് സംസ്ഥാനങ്ങളുമായുള്ള കരാര്‍ റദ്ദാക്കാനായി 2004ല്‍ പഞ്ചാബ് നിയമസഭ പാസാക്കിയ നിയമമാണ് സുപ്രീംകോടതി തടഞ്ഞത്.

നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 2003ല്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. അതിനാല്‍ 2004ല്‍ പഞ്ചാബ് നിയമസഭ പാസാക്കിയ നിയമം സുപ്രീംകോടതി വിധിക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി. സത്‌ലജ്-യമുന കനാല്‍ പൂര്‍ത്തിയാക്കാന്‍ പഞ്ചാബിനോട് നിര്‍ദേശിച്ചു കൊണ്ടുള്ളതായിരുന്നു 2003ലെ വിധി. എന്നാല്‍ വിധിക്കു ശേഷം അന്നത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വെള്ളം വിട്ടുകൊടുക്കാനുള്ള എല്ലാ കരാറുകളും റദ്ദാക്കുന്ന ബില്ല് നിയമസഭയില്‍ പാസാക്കുകയായിരുന്നു. ഇതാണ് സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയത്.

കോടതി വിധിയില്‍ പ്രതിഷേധിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പഞ്ചാബ് ഘടകം പ്രസിഡണ്ടുമായ അമരീന്ദര്‍ സിങ് പാര്‍ലമെന്റംഗത്വം സ്ഥാനം രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം ലോക്‌സഭാ സ്പീക്കര്‍ക്ക് അയച്ചു കൊടുത്തു. അടുത്ത ആഴ്ച സ്പീക്കറെ കാണുന്നതിനായി അദ്ദേഹം അനുമതി തേടിയിട്ടുണ്ട്. അമരീന്ദറിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബിലെ പാര്‍ട്ടി എം.എല്‍.എമാരും രാജിക്കത്ത് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനം ഭരിക്കുന്ന അകാലിദള്‍-ബി.ജെ.പി സര്‍ക്കാറിന് വിധി തിരിച്ചടിയാകും. ഇത് മറികടക്കാന്‍ നിയമ വഴിതേടുമെന്ന് അകാലിദള്‍ പ്രതികരിച്ചു.

chandrika: