ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ശേഷം ബാങ്കുകളിലെത്തിയ കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 50 ശതമാനം ആദായനികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നിയമഭേദഗതി പാര്‍ലമെന്റിന്റെ നടപ്പു ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇന്നലെ അര്‍ദ്ധരാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 40 ശതമാനം നികുതിയോടെ കള്ളപ്പണം കണക്കില്‍കൊണ്ടുവരാനുള്ള സര്‍ക്കാര്‍ പദ്ധതി കഴിഞ്ഞ സെപ്തംബര്‍ 30ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
നവംബര്‍ എട്ടിന് അസാധുവാക്കല്‍ പ്രഖ്യാപനമുണ്ടായതിനു ശേഷം രണ്ടാഴ്ചക്കിടെ രാജ്യത്ത് ജന്‍ധന്‍ അക്കൗണ്ടുകളില്‍ മാത്രം 21000 കോടി രൂപ നിക്ഷേപമായി എത്തിയതായാണ് വിവരം. അക്കൗണ്ടില്‍ അസാധാരണമായ നിക്ഷേപമുണ്ടായാല്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ 30 ശതമാനം നികുതിയും 200 ശതമാനം പിഴയും അടക്കേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബിനാമി നിക്ഷേപങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നികുതി 60 ശതമാനമാക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്ഥീരികരണം നല്‍കിയിട്ടില്ല. പാര്‍ലമെന്റ് സമ്മേളിക്കുന്ന അവസരത്തില്‍ സഭക്കു പുറത്ത് പ്രധാന നയപ്രഖ്യാപനങ്ങള്‍ നടത്താന്‍ പാടില്ലാത്തതിനാലാണ് സ്ഥിരീകരണമുണ്ടാവാത്തതെന്നാണ് വിലയിരുത്തല്‍.