കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാടിന് സമീപം റബ്ബര്‍ തോട്ടത്തില്‍ പുലിയുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ പുലിയെ കൊലപ്പെടുത്തിയതെന്ന് സംശയം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവില്‍ നിന്ന് ഇരുമ്പ് കമ്പിയും കണ്ടെത്തി.
കഴുത്തില്‍ കുരുക്ക് വീണിട്ടുള്ള മുറിവാണുണ്ടായിരുന്നതെന്നും ആ കുരുക്ക് മുറുകിയിട്ടാണ് പുലിയുടെ ജീവന്‍ നഷ്ടമായതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ മനസിലായെന്നും കോട്ടയം ഡി.എഫ്.ഒ എന്‍.രാജേഷ് പറഞ്ഞു.
എന്നാല്‍ പന്നിയെ പിടികൂടാന്‍ തയ്യാറാക്കിയ കെണിയില്‍ പുലി കുടുങ്ങിയതാകാമെന്നും സൂചനയുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കോട്ടയം ഡി.എഫ്.ഒ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മ്ലാക്കര പൊതുകത്ത് പി.കെ. ബാബുവിന്റെ റബ്ബര്‍ തോട്ടത്തില്‍ ഏകദേശം നാല് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍പുലിയുടെ ജഡം കണ്ടെത്തിയിരുന്നു. ബാബു തന്നെയാണ് ജഡം കണ്ടത്. തുടര്‍ന്ന് പഞ്ചായത്തംഗം കെ.എന്‍. വിനോദിനെ വിവരമറിച്ചു. തുടര്‍ന്ന് വനപാലകരുടെ ശ്രദ്ധയില്‍പ്പെടുത്തി. പുലിയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കമാണ് ഉണ്ടായിരുന്നത്.