X

മണല്‍ മാഫിയയുമായി ബന്ധമുള്ള ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; പത്ത് പേരെ സ്ഥലംമാറ്റി

മണല്‍ മാഫിയയുമായി ബന്ധമുള്ള  പൊലീസുകാര്‍ക്കെതിരെ നടപടി. എഴ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം റൂറല്‍ എസ്പി വിവേക് കുമാറാണ് നടപടി സ്വീകരിച്ചത്. സസ്‌പെന്‍ഷന്‍ കൂടാതെ പത്ത് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. എറണാകുളം ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്.

പൊലീസ് ഉദ്യോഗസ്ഥരുടെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്നും മണല്‍ മാഫിയുമായുള്ള ബന്ധം വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. നിരവധി പരാതികള്‍ ഉയര്‍ന്നതോടെ എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മണല്‍ മാഫിയയും പോലീസുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ചു വരികയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

പത്തനംതിട്ടയില്‍ മണല്‍ മാഫിയയുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോയിപ്രം സ്‌റ്റേഷനിലെ സിപിഒ ജേക്കബ് കെ.എസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പത്തനംതിട്ട എസ്പി വി.അജിത്തിന്റേതായിരുന്നു നടപടി. ജേക്കബിനെതിരെ മുമ്പ് 4 തവണ അന്വേഷണം നടത്തിയിരുന്നു.

അന്ന് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്‍ഗ്രിമെന്‍ഡ് തടഞ്ഞു വച്ചു കൊണ്ട് നടപടിയെടുത്തിരുന്നു. എന്നാല്‍ പിന്നീടു കോയിപ്രം പരിധിയിലെത്തുന്ന മണല്‍ മാഫിയയുമായി ഇയാള്‍ നിരന്തരമായി ബന്ധപ്പെടുകയും വഴി വിട്ട സഹായങ്ങള്‍ ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും എസ്പി നടപടി സ്വീകരിച്ചത്.

 

webdesk13: