X

മൊറയൂര്‍ സ്കൂളിലെ അരി കടത്തിൽ നാല് അധ്യാപകർക്ക് സസ്‌പെൻഷൻ

വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്‌പെൻഷൻ. വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. പ്രധാന അധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർ ഭവനീഷ്, ഇർഷാദ് അലി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ രാത്രിയുടെ മറവിൽ അരിക്കടത്ത് ദൃശ്യങ്ങൾ സഹിതം പുറത്ത് വന്നത് .

വാർത്ത വിദ്യാഭ്യാസ വകുപ്പും ശരിവെച്ചു. റിപ്പോർട്ടർ പുറത്തുവിട്ട ദൃശ്യങ്ങളിൽ കഴമ്പുണ്ടെന്നാണ് ‍ഡിഡിഇയുടെ റിപ്പോർട്ട്. അരി അനധികൃതമായി ദുരുപയോഗം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അരി കണക്കിൽ പെടുത്താതെ മാറ്റി വെച്ചതായും പരിശോധനയിൽ കണ്ടെത്തി. കണക്കിൽ കൃത്രിമം കാണിച്ച് സർക്കാരിന് ഭീമമായ നഷ്ടം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

രാത്രിയുടെ മറവിലാണ് സ്കൂളിലെ അരികടത്തിയിരുന്നത്. അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തിൽ കടത്തുന്നതിന്റെ ദൃശ്യങ്ങൾ റിപ്പോ‍ർട്ടർ പുറത്തുവിട്ടിരുന്നു. അരിക്കടത്തിന് പിന്നിൽ സ്‌കൂളിലെ അധ്യാപകൻ തന്നെയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തംഗം ഹുസൈൻ ബാബു പരാതി നൽകിയിരുന്നു.

നേരത്തെ ഈ സംഭവം പ്രധാനധ്യാപകരടക്കമുളള സ്കൂൾ അധിക‍ൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും വീണ്ടും അരിക്കടത്ത് നടത്തിയെന്നാണ് പരാതിക്കാരനായ ഹുസൈൻ ബാബുവിന്റെ ആരോപണം. അധികൃതർ ഇതിന് കൂട്ടുനിൽക്കുകയാണ്. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുളള മുട്ടയും പാലും സ്കൂളിൽ വിതരണം ചെയ്യുന്നില്ല. അതും കടത്തിക്കൊണ്ടു പോവുകയാണ്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കിയിരുന്നു.

webdesk13: