ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ശശികലയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന. അഴിമതികേസില്‍ പ്രതി ആയതിനാല്‍ ശശികലയുടെ തെരഞ്ഞെടുപ്പ് യോഗ്യതസംബന്ധിച്ചുപോലും വ്യക്തതയില്ല. ആറു മാസത്തിനകം ശശികല എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെടുമോ എന്ന കാര്യവും ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ല. അത്തരമൊരാളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.
ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് എ.ഐ.എ.ഡി.എം.കെ ഭരണഘടനാ ചട്ടങ്ങള്‍ പ്രകാരമല്ലെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം. തമിഴ്‌നാട്ടില്‍ നിലവില്‍ ഭരണ ശൂന്യത നിലനില്‍ക്കുന്നില്ലെന്നാണ് ഗവര്‍ണറുടെ മറ്റൊരു വാദം. പന്നീര്‍ശെല്‍വം തന്നെയാണ് സംസ്ഥാന മുഖ്യമന്ത്രി. ഈ നില തുടരട്ടെ. നേതൃമാറ്റത്തിന് തിടുക്കം കാണിക്കേണ്ടതില്ലെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഏറ്റവും വലിയ കക്ഷി ഭൂരിപക്ഷ തീരുമാനപ്രകാരം നിര്‍ദേശിച്ച വ്യക്തിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കേണ്ടെന്ന ഗവര്‍ണറുടെ നിലപാട് നിയമ യുദ്ധത്തിന് വഴിയൊരുക്കിയേക്കും.
ശികലയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം രംഗത്തെത്തിയതോടെ എ.ഐ.എ. ഡി.എം.കെയില്‍ രൂപപ്പെട്ട ചേരിതിരിവ് മൂന്നാം ദിനവും രൂക്ഷമായി തുടരുകയാണ്. നിയുക്ത മുഖ്യമന്ത്രി വി.കെ ശശികലയും ബുധനാഴ്ച ഗവര്‍ണറുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരെ ക്ഷണിക്കണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അതേസമയം എ.ഐ.എ.ഡി. എം.കെ എം.എല്‍.എമാരെ ഒളിവില്‍ പാര്‍പ്പിച്ച നടപടി ചോദ്യം ചെയ്ത് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും ചെന്നൈ ഹൈക്കോടതിയും രംഗത്തെത്തി. ഗുരൂതരമായ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍, ഡി.ജി.പി ടി.കെ രാജേന്ദ്രന്‍, ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ജോര്‍ജ്ജ് എന്നിവരെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയാണ് ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചത്. ക്രമസമാധാനനില സംബന്ധിച്ച വിശദാംശങ്ങള്‍ ആരാഞ്ഞ ഗവര്‍ണര്‍, ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
രണ്ടു ദിവസം മുമ്പ് നടന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷം എം.എല്‍.എമാരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച രണ്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ചെന്നൈ ഹൈക്കോടതിയുടെ ഇടപെടല്‍. കുന്നം നിയോജക മണ്ഡലത്തില്‍നിന്നുള്ള എം. എല്‍.എ രാമചന്ദ്രനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ വോട്ടറായ എം.ആര്‍ ഇളവരശനും കൃഷ്ണരായപുരം എം. എല്‍.എ എം ഗീതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അകന്ന ബന്ധുവുമാണ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. ഫോണിലോ മറ്റുനിലക്കോ എം.എല്‍.എമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും നിയമവിരുദ്ധമായി തടവില്‍വച്ചതില്‍ പ്രതിഷേധിച്ച് 20 എം.എല്‍.എമാര്‍ രണ്ടു ദിവസമായി പട്ടിണി സമരത്തിലാണെന്നും പരാതിക്കാരുടെ അഭിഭാഷകന്‍ കെ ബാബു വാദിച്ചു. എം.എല്‍. എമാരെ നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് ടി.സി.എസ് സെല്‍വം, ടി മതിവാനന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അതേസമയം എം.എല്‍.എമാരുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ ഹര്‍ജി ആയതിനാല്‍ കോടതിക്ക് നേരിട്ട് നടപടി എടുക്കാനാവില്ലെന്നും വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാറിന് നോട്ടീസ് അക്കാനേ കഴിയൂവെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സര്‍ക്കാറിനോട് വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കേസ് ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ഇതിനിടെ എം.എല്‍.എമാരെ നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് മുന്‍ മന്ത്രി എസ്.പി ഷണ്‍മുഖനാഥന്‍ ചെന്നൈ പൊലീസില്‍ പരാതി നല്‍കി. ശശികലയുടെ നിര്‍ദേശപ്രകാരം എടപ്പള്ളി പളനി സ്വാമിയാണ് സംഭവം ആസൂത്രണം ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പുതിയ പ്രസീഡിയം ചെയര്‍മാനായി ശശികല തെരഞ്ഞെടുത്ത സെങ്കോട്ടയ്യന്‍ ഇന്നലെ കരുവണ്ണൂര്‍ ഗോള്‍ഡന്‍ ബേ ബീച്ച് റിസോര്‍ട്ടിലെത്തി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി. എടപ്പാടി പളനിസ്വാമി, വിജയഭാസ്‌കര്‍ എന്നിവര്‍ക്കൊപ്പമാണ് സെങ്കോട്ടയ്യന്‍ റിസോര്‍ട്ടിലെത്തിയത്. ശശികലക്കൊപ്പം ഉറച്ചുനില്‍ക്കണമെന്ന് എം.എല്‍.എമാരോട് സെങ്കോട്ടയ്യന്‍ ആവശ്യപ്പെട്ടതായാണ് വിവരം.
അതേസമയം ശശികലയേയോ പന്നീര്‍ശെല്‍വത്തെയോ പിന്തുണക്കേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനമെന്ന് മുതിര്‍ന്ന നേതാക്കളായ വീരപ്പമൊയ്‌ലി, പി ചിദംബരം എന്നിവരും ചെന്നൈയില്‍ പറഞ്ഞു. എ.ഐ.എ.ഡി. എം.കെയിലെ ആഭ്യന്തര പ്രശ്‌നം മാത്രമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അതില്‍ ഇടപെടേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനമെന്നും ഇരുവരും വ്യക്തമാക്കി.