ന്യൂഡല്‍ഹി: 66 കുട്ടികളുടെ മരണത്തിനു കാരണമെന്ന് സംശയിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഹരിയാന ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മിച്ച നാല് കഫ്‌സിറപ്പുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി.
ഗാംബിയയിലെ 66 കുട്ടികളുടെ മരണവുമായി നാല് കഫ്‌സിറപ്പുകള്‍ക്ക് ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഹരിയാനയിലെ സോനെപത്തിലെ എം/എസ് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്റെ കഫ് സിറപ്പുകളാണ് അന്വേഷണ പരിധിയിലുള്ളത്.
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അനുസരിച്ച്, പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്‌സ്മാലിന്‍ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയാണ് നാല് ഉല്‍പ്പന്നങ്ങള്‍. ഇതുവരെ, ഈ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് കമ്പനി ലോകാരോഗ്യ സംഘടനക്ക് ഉറപ്പ് നല്‍കിയിട്ടില്ല. എന്നാല്‍ ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അമിതമായ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പദാര്‍ഥങ്ങള്‍ വിഷാംശമുള്ളതും മാരകമായേക്കാവുന്നതുമാണ്.
വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, മൂത്രമൊഴിക്കാനുള്ള കഴിവില്ലായ്മ, തലവേദന, അസ്ഥിരമായ മാനസികാവസ്ഥ, മരണത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്ക തകരാറുകള്‍ എന്നിവ ഉണ്ടാക്കിയേക്കാം. നാല് കഫ്‌സിറപ്പുകള്‍ കുട്ടികളില്‍ ഗുരുതര വൃക്കരോഗങ്ങള്‍ക്കിടയാക്കുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. സംഭവത്തില്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉടന്‍ ഹരിയാന റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ച് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
കമ്പനി ഈ ഉല്‍പ്പന്നങ്ങള്‍ ഗാംബിയയിലേക്ക് മാത്രമാണ് കയറ്റുമതി ചെയ്തതെന്നാണ് പ്രാഥമിക വിവരം. സിറപ്പുകള്‍ പശ്ചിമാഫ്രിക്കക്ക് പുറത്തും വിതരണം ചെയ്തിരിക്കാമെന്നും ആഗോളതലത്തില്‍ എത്തിപ്പെടാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അതേസമയം, മരണത്തിന്റെ കൃത്യമായ ഒരു കാരണമായ ഇതുവരെ ലോകാരോഗ്യ സംഘടന നല്‍കിയിട്ടില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാവിനെ സ്ഥിരീകരിക്കുന്ന വിശദാംശങ്ങളും ഫോട്ടോകളും ലോകാരോഗ്യ സംഘടന പങ്കുവെച്ചിട്ടില്ല. ഈ മരണങ്ങള്‍ എപ്പോള്‍ സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ലോകാരോഗ്യ സംഘടന നല്‍കിയിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.