വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്റര്‍ ഉപയോഗം രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധമാണ്. പല മന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തമായി ജനസേവനത്തിനു വേണ്ടി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നതാണ് സുഷമാ സ്വരാജിന്റെ രീതി. രാഷ്ട്രീയ കക്ഷി ഭേദമന്യേ നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റാന്‍ ഇക്കാരണം കൊണ്ട് അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നപ്പോള്‍ സുഷമാ സ്വരാജിന് മത, രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി ലഭിച്ച പിന്തുണ ഇതിനു തെളിവാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഷമങ്ങളനുഭവിക്കുന്ന പ്രവാസികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ട്വിറ്ററിലൂടെ അറിയിക്കുകയും അതനുസരിച്ച് സുഷമാ സ്വരാജ് നടപടിയെടുക്കുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ആയിരക്കണക്കിന് സന്ദേശങ്ങളാണ് ഇത്തരത്തില്‍ അവരെ തേടി ഓരോ ദിവസവും എത്താറുള്ളത്.
അതിനിടെ, റെയില്‍വേയില്‍ ജോലി ചെയ്യുന്ന സ്വന്തം ഭാര്യയെ തന്റെ ജോലി സ്ഥലത്തിനടുത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സഹായിക്കാമോ എന്ന് ചോദ്യമുയര്‍ത്തിയ സ്മിത് രാജ് എന്നയാള്‍ക്ക് സുഷമാ സ്വരാജ് നല്‍കിയ മറുപടി വൈറലായി. പൂനെയില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന സ്മിത് രാജ് എന്നയാളാണ് മന്ത്രിയോട് അവരുടെ വകുപ്പില്‍ പെടാത്ത ചോദ്യം ഉന്നയിച്ചത്. സര്‍വീസില്‍ കയറി അഞ്ചു വര്‍ഷം കഴിയാതെ ഓണ്‍ റിക്വസ്റ്റ് ട്രാന്‍സ്ഫര്‍ നല്‍കാനാവില്ലെന്ന റെയില്‍വേ ചട്ടം മറികടക്കാനാണ് സ്മിത് രാജ്, ജോലി ലഭിച്ച് ഒരു വര്‍ഷം മാത്രമായ ഭാര്യക്കു വേണ്ടി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.
‘ഇന്ത്യയില്‍ ഞങ്ങളുടെ വനവാസം അവസാനിപ്പിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ? എന്റെ ഭാര്യ ഝാന്‍സിയില്‍ റെയില്‍വേ ജോലിക്കാരിയാണ്. ഞാന്‍ പൂനെയില്‍ ഐ.ടി മേഖലയിലും. ഒരു വര്‍ഷത്തിലേറെയായി’ എന്നായിരുന്നു സ്മിത് രാജിന്റെ ട്വീറ്റ്.
‘താങ്കളും താങ്കളുടെ ഭാര്യയും എന്റെ മന്ത്രാലയത്തിനു കീഴില്‍ ആയിരുന്നെങ്കില്‍ ട്രാന്‍സ്ഫറിനു വേണ്ടിയുള്ള അത്തരമൊരു അഭ്യര്‍ത്ഥന ട്വിറ്ററിലൂടെ നല്‍കിയതിന് ഇപ്പോള്‍ തന്നെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കുമായിരുന്നു’ എന്ന് സുഷമാ സ്വരാജ് ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി.
ഐ.ഐ.ടി ഖരഗ്പൂരില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ സ്മിത് രാജ് ബി.ജെ.പി അനുഭാവി കൂടിയാണ്. ഏതായാലും ഔദ്യോഗിക രേഖകളുടെ പിന്‍ബലത്തോടെ നടത്തേണ്ട ഒരു അഭ്യര്‍ത്ഥന ഔപചാരികതയില്ലാതെ മന്ത്രിയുടെ ട്വിറ്ററില്‍ ചോദിച്ചതിന് അദ്ദേഹത്തിന് കിട്ടിയ വായടപ്പന്‍ മറുപടി വൈറലായി.