ന്യൂഡല്‍ഹി: പാകിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ചികിത്സ തേടുന്നതിനുള്ള വിസ നിഷേധിക്കാറില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാക് പൗരന്മാര്‍ക്ക് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കണമെങ്കില്‍ അക്കാര്യം പാക് പ്രധനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ശുപാര്‍ശ ചെയ്യണമെന്നും ഇക്കാര്യത്തില്‍ കടുംപിടുത്തമില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം, വധശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭുഷണ്‍ യാദവിന്റെ അമ്മ വിസക്കു വേണ്ടി സമര്‍പ്പിച്ച അപേക്ഷയില്‍ പാകിസ്താന്‍ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും സുഷമാ സ്വരാജ് അറിയിച്ചു.
അര്‍ബുദ ബാധിതയായ ഫൈസ തന്‍വീര്‍ എന്ന പാക് യുവതി ഇന്ത്യയില്‍ ചികിത്സ തേടാന്‍ ആഗ്രഹിച്ചെങ്കിലും പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ വിസ നിഷേധിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സുഷമ സ്വരാജ് നയം വ്യക്തമാക്കിയത്. പാകിസ്താനികള്‍ക്ക് ഇന്ത്യയില്‍ ചികിത്സ നല്‍കണമെങ്കില്‍ സര്‍താജ് അസീസിന്റെ ശുപാര്‍ശ വേണമെന്ന് അവര്‍ പറഞ്ഞു. സര്‍താജ് അസീസിന്റെ കത്ത് ഇല്ലാത്തതുകൊണ്ടാണ് ഫൈസ തന്‍വീറിന്റെ വിസ അപേക്ഷ നിരസിച്ചതെന്ന് പാകിസ്താനിലെ ഇന്ത്യന്‍ കാര്യാലയവും വ്യക്തമാക്കി.
‘ഇന്ത്യയില്‍ ചികിത്സ തേടാന്‍ ആഗ്രഹിക്കുന്ന എല്ലാ പാക് പൗരന്മാര്‍ക്കും എന്റെ അനുഭാവമുണ്ട്. സര്‍താജ് അസീസിന് അദ്ദേഹത്തിന്റെ രാജ്യക്കാരോട് പരിഗണനയുണ്ടെന്ന് എനിക്കുറപ്പുണ്ട്. ഞങ്ങള്‍ക്ക് ആകെ ആവശ്യം പാക് പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ ആവശ്യപ്പെട്ടു കൊണ്ടുള്ള അദ്ദേഹത്തിന്റെ ശുപാര്‍ശയാണ്. തന്റെ രാജ്യത്തു നിന്നുള്ളവര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ അദ്ദേഹം മടിക്കുന്നതിന്റെ കാരണം എനിക്കറിയില്ല.’ – സുഷമ ട്വീറ്റ് ചെയ്തു.
‘പാകിസ്താനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട മകനെ കാണുന്നതിനായി ഇന്ത്യക്കാരിയായ അവന്തിക ജാദവ് സമര്‍പ്പിച്ച വിസ അപേക്ഷയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ഞാന്‍ വ്യക്തിപരമായി തന്നെ സര്‍താജ് അസീസിന് എഴുതിയിരുന്നു. എന്റെ കത്ത് ലഭിച്ചോ എന്ന കാര്യം പോലും അദ്ദേഹം സ്ഥിരീകരിച്ചില്ല.’ – സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി. സര്‍താജ് അസീസ് ശുപാര്‍ശ നല്‍കിയാലുടന്‍ വിസ പാക് പൗരന്മാര്‍ക്ക് വിസ നല്‍കുമെന്നും അവര്‍ പറഞ്ഞു.