X
    Categories: indiaNews

ബിഹാറില്‍ കലാപക്കൊടി ഉയര്‍ത്തി സുശീല്‍ മോദി; അമിത് ഷായെയും നദ്ദയെയും സ്വീകരിക്കാന്‍ എത്തിയില്ല

പട്‌ന: ബിഹാറില്‍ പുതുതായി അധികാരമേല്‍ക്കുന്ന എന്‍ഡിഎ മന്ത്രിസഭയില്‍ ഇടംകിട്ടാത്തതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞയ്ക്കായി പട്‌നയിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും കാണാന്‍ സുശീല്‍ മോദി പാര്‍ട്ടി ആസ്ഥാനത്ത് എത്തിയില്ല.

തര്‍കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവരാണ്‌ ഉപമുഖ്യമന്ത്രിമാര്‍. നിയമസഭയിലെ പാര്‍ട്ടി കക്ഷി നേതാവായും തര്‍കിഷോറിനെ തെരഞ്ഞെടുത്തിട്ടുണ്ട്. കതിഹാറില്‍ നിന്നാണ് ഇദ്ദേഹം സഭയിലെത്തിയത്. ബെട്ടിയ എംഎല്‍എ രേണു ദേവിയാണ് സഭയിലെ ഉപ നേതാവ്.

മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം 13 വര്‍ഷം ജോലി ചെയ്ത സുശീല്‍ മോദിയെ ഒതുക്കിയതാണ് എന്ന് ആക്ഷേപമുണ്ട്. അതേസമയം, ഇദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായും ശ്രുതിയുണ്ട്.

243 അംഗ സഭയില്‍ 125 സീറ്റു നേടിയാണ് എന്‍ഡിഎ ബിഹാറില്‍ അധികാരം നിലനിര്‍ത്തിയത്. ബിജെപിക്ക് 74 ഉം ജെഡിയുവിന് 43 ഉം സീറ്റാണ് ലഭിച്ചത്. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ചതു പോലെ നിതീഷിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബിജെപി അറിയിക്കുകയായിരുന്നു.

നിതീഷ് കുമാറിനെ കൂടാതെ, ബിജെപി, ജെഡിയു, എച്ച്എഎം, വിഐപി പാര്‍ട്ടികളില്‍ നിന്ന് 15 പേര്‍ ആദ്യഘട്ടത്തില്‍ മന്ത്രിയുകുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, സംസ്ഥാന മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഏഴാമതും അധികാരമേറ്റു. ഗവര്‍ണര്‍ ഫഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

Test User: