ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെ. അഡോള്‍ഫ് ഹിറ്റ്‌ലറിനെയും വഌദിമിര്‍ പുടിനെയും പോലെയാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു.
മോദി ഹിറ്റ്‌ലറുമായി വ്യത്യാസമൊന്നുമില്ല. ഒരു ഏകാധിപതിയെ പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. മോദി ആരു പറയുന്നതും ഗൗരവമായി എടുക്കുന്ന ആളല്ല. അദ്ദേഹം പറയുന്നത് മാത്രമേ കേള്‍ക്കുകയുള്ളൂ. സിബിഐ ഡയറക്ടറെ ഒരു അര്‍ദ്ധരാത്രിയില്‍ പെട്ടെന്നു മാറ്റി. നോട്ട് നിരോധനവും അങ്ങനെ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ സ്വേച്ഛാധിപത്യമല്ലേ? ധനമന്ത്രിയോടോ ആര്‍ബിഐ ഗവര്‍ണറോടോ പോലും അഭിപ്രായം ചോദിക്കാതെയാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഒരു ഏകാധിപതിയായി സ്വയം അവരോധിക്കുകയാണ് മോദിയെന്നും ഷിന്‍ഡെ പറഞ്ഞു.
സോലാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലിയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നടത്തിയത് ക്രൂരമായ ലാത്തിച്ചാര്‍ജ് ആണെന്നും ഷിന്‍ഡെ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആകാശത്ത് കറുത്ത ബലൂണ്‍ പറത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇതുപോലെ പല പ്രതിഷേധ പ്രകടനങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് സമാധാനപരമായ ഒരു പ്രതിഷേധത്തിന്റെ പേരില്‍ പൊലീസ് ഇത്തരം ക്രൂരത അഴിച്ചുവിട്ടതെന്നും ഷിന്‍ഡെ കുറ്റപ്പെടുത്തി.