X
    Categories: indiaNews

സുശാന്തിന് റിയ ലഹരിമരുന്ന് നല്‍കി; ‘എന്‍സിബി വന്നാല്‍ പ്രമുഖര്‍ അകത്താകും’

മുംബൈ; സുശാന്ത് സിങ് രാജ്പുത്തിനു കാമുകി റിയ ചക്രവര്‍ത്തി ലഹരിമരുന്ന് നല്‍കിയിരുന്നുവെന്ന് ആരോപണം. കന്നാബിഡിയോള്‍ ഓയില്‍ (സിബിഡി) ആണു നല്‍കിയിരുന്നതെന്നും റിയയ്‌ക്കെതിരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉടനെ കേസെടുക്കുമെന്നുമാണു റിപ്പോര്‍ട്ട്. എന്നാല്‍ സുശാന്ത് ലഹരിമരുന്ന് കഴിക്കുന്നതു താന്‍ കണ്ടിട്ടില്ലെന്നു സുഹൃത്ത് അങ്കിത് ആചാര്യ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഡോക്ടര്‍ കുറിച്ചുനല്‍കുന്ന മരുന്നല്ലാതെ മയക്കുമരുന്ന് ഉപയോഗം സുശാന്തിന് ഇല്ലെന്നു കരുതുന്നതായി കുടുംബ അഭിഭാഷകന്‍ വികാസ് സിങ്ങും പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചേരുന്നുവെന്ന വാര്‍ത്തകളോടു പ്രതികരിച്ച് നടി കങ്കണ റണൗട്ട് രംഗത്തെത്തി. എന്‍സിബി ബോളിവുഡില്‍ പ്രവേശിച്ചാല്‍ നിരവധി ഒന്നാം നിരക്കാര്‍ അഴികള്‍ക്ക് അകത്താകും എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ബോളിവുഡില്‍ രക്തപരിശോധന നടത്തിയാല്‍ ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകള്‍ നടക്കും. പ്രധാനമന്ത്രിയുടെ ഓഫിസ് ബോളിവുഡിനെ ശുചിയാക്കുമെന്നാണു പ്രതീക്ഷ. ചലച്ചിത്ര മേഖലയില്‍ താന്‍ വിജയിക്കുകയും പ്രശസ്തമായ സിനിമാ പാര്‍ട്ടികളിലേക്കു പ്രവേശനം കിട്ടുകയും ചെയ്തപ്പോള്‍ ഞെട്ടിക്കുന്നതും ദുഷിച്ചതുമായ മയക്കുമരുന്നിന്റെയും മാഫിയയുടെയും ലോകമാണു കാണാനായതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനെ ടാഗ് ചെയ്തു കങ്കണ ട്വീറ്റ് ചെയ്തു.

chandrika: