X
    Categories: indiaNews

‘സുശാന്ത് സിങിന്റെ മരണം കൊലപാതകം’; വിവാദ ശബ്ദസന്ദേശം പുറത്ത്

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളിയ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വിദഗ്ധര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ എയിംസ് സംഘത്തിന്റെ തലവന്റെ നിര്‍ണായക ശബ്ദസന്ദേശം പുറത്തുവിട്ട് ദേശീയ മാധ്യമം. നടനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് എയിംസിലെ ഡോക്ടര്‍ തന്നോടു പറഞ്ഞതായി സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകന്‍ വികാസ് സിങ് വെളിപ്പെടുത്തിയതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തു വിട്ടത്.

സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്നും തനിക്ക് അയച്ചുകിട്ടിയ ഫോട്ടോകളില്‍നിന്ന് 200% ഉറപ്പാണെന്ന് എയിംസ് സംഘത്തോടൊപ്പമുണ്ടായിരുന്ന ഡോക്ടര്‍ നാളുകള്‍ക്കു മുന്‍പു പറഞ്ഞിരുന്നതായി വികാസ് സിങ് സെപ്റ്റംബര്‍ 25 ന് ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഫൊറന്‍സിക് പരിശോധന നടത്തണമെന്ന് സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടു.

സുശാന്തിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്താനായില്ലെന്നും ആത്മഹത്യയാണെന്നും പോസ്റ്റ്‌മോര്‍ട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പുനഃപരിശോധിച്ച എയിംസ് സംഘം വ്യക്തമാക്കിയതിനു പിന്നാലെയാണ് വികാസ് സിങ്ങിന്റെ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്ന വിവാദ ശബ്ദരേഖ പുറത്തു വിട്ടത്.മുംബൈ പൊലീസ് കൃത്യമായ ദിശയില്‍ അന്വേഷിക്കുന്നതിനിടെ ഒന്നര മാസം മുന്‍പു കേസ് ഏറ്റെടുത്ത സിബിഐ, ഇനിയെങ്കിലും സുശാന്തിന്റെ മരണം കൊലപാതകമാണോ എന്നു പറയണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നു.

 

 

Test User: