X
    Categories: NewsViews

സുഷമ സ്വരാജ് അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ്(67) അന്തരിച്ചു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് സുഷമ സ്വരാജിനെ ഡല്‍ഹി എയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. ഏഴ് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുഷമ, ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയായിരുന്നു. 2009ല്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവായി.

ഏഴുതവണ ലോക്സഭാംഗമായ സുഷമ, 25-ാം വയസ്സില്‍ ഹരിയാണ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാകുന്നത്. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമയാണ്. 1996-ല്‍ 13 ദിവസംമാത്രം അധികാരത്തിലിരുന്ന എ.ബി. വാജ്പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന സുഷമയാണ് ലോക്സഭാ ചര്‍ച്ചകള്‍ തത്മയം സംപ്രേഷണം ചെയ്യാനുള്ള വിപ്ലവകരമായ തീരുമാനമെടുത്തത്. 15-ാം ലോക്സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. ബി.ജെ.പി.യുടെ അഖിലേന്ത്യാ സെക്രട്ടറിയും ഔദ്യോഗിക വക്താവുമായിരുന്നു. വിദേശകാര്യമന്ത്രിയായിരിക്കെ സമൂഹികമാധ്യമമായ ട്വിറ്ററിലൂടെ അടിയന്തരമായി പ്രശ്‌നങ്ങള്‍ പരിഹരിച്ച് സുഷമ ജനകീയയായി. കേന്ദ്രമന്ത്രിപദവിക്ക് മാനുഷികമുഖം നല്‍കിയവരില്‍ പ്രമുഖയായിരുന്നു അവര്‍. മികച്ച പാര്‍ലമെന്റേറിയനുള്ള ബഹുമതി രണ്ടുതവണ നേടിയ ഏക വനിതാ അംഗവും സുഷമയാണ്.
1952 ഫെബ്രുവരി 14-ന് ഹരിയാണയിലെ അംബാലയിലാണു ജനനം. അച്ഛന്‍: ഹര്‍ദേവ് ശര്‍മ, അമ്മ: ലക്ഷ്മി ദേവി. ആര്‍.എസ്.എസ്. അംഗമായിരുന്നു അച്ഛന്‍. അംബാല കന്റോണ്‍മെന്റിലെ എസ്.ഡി. കോളേജില്‍നിന്ന് രാഷ്ട്രതന്ത്രവും സംസ്‌കൃതവും മുഖ്യവിഷയങ്ങളായെടുത്തു ബിരുദം നേടി. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് എല്‍.എല്‍.ബി. ബിരുദവും നേടി. 1970-ല്‍ എസ്.ഡി. കോളേജിലെ മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്‌കാരം സുഷമയ്ക്കായിരുന്നു.

വിദ്യാര്‍ഥിനേതാവായാണ് സുഷമയുടെ രാഷ്ട്രീയപ്രവേശം. പ്രസംഗപാടവവും പ്രചാരണമികവും മറ്റുള്ളവര്‍ക്കിടയില്‍ അവരെ വേറിട്ടുനിര്‍ത്തി. ബി.ജെ.പി.യില്‍ ചേര്‍ന്നശേഷം അടിയന്തരാവസ്ഥയ്ക്കുനേരെ സമരം ചെയ്തു. ഇന്ദിരാ ഗാന്ധി സര്‍ക്കാരിനുനേരെ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ അവര്‍ നയിച്ചു. 27-ാം വയസ്സില്‍ ബി.ജെ.പി. ഹരിയാണ ഘടകത്തിന്റെ അധ്യക്ഷയായി.

2016-ല്‍ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ സുഷമ, ആരോഗ്യകാരണങ്ങളാല്‍ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

ദേശീയകക്ഷിയുടെ വക്താവാകുന്ന ആദ്യ വനിത, കാബിനറ്റ് മന്ത്രിയാകുന്ന ആദ്യ വനിത, ആദ്യ വനിതാ പ്രതിപക്ഷനേതാവ് എന്നീ ചരിത്രസ്ഥാനങ്ങള്‍ക്ക് ഉടമയാണു സുഷമ. അഭിഭാഷകനായ സ്വരാജ് കൗശലാണു ഭര്‍ത്താവ്. ഭാംസുരി സ്വരാജ് ഏകമകള്‍.

എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1953 ഫെബ്രുവരിയില്‍ ഹരിയാനയിലാണ് ജനനം. 25ാം വയസ്സില്‍ ഹരിയാനയില്‍ മന്ത്രിസ്ഥാനത്തെത്തി. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ട്.

web desk 1: