X

സുഷമാസ്വരാജ് ലോക്‌സഭയില്‍ തിരിച്ചെത്തി; ഹര്‍ഷാരവങ്ങളോടെ വരവേറ്റ് അംഗങ്ങള്‍

ന്യൂഡല്‍ഹി: അസുഖബാധയെ തുടര്‍ന്ന് മൂന്നുമാസത്തോളമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ലോക്‌സഭയില്‍ ഹര്‍ഷാവരങ്ങളോടെ അംഗങ്ങള്‍ വരവേറ്റു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മന്ത്രി ചികിത്സയിലായിരുന്നു.

വൃക്ക മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് സുഷമ ആസ്പത്രിയില്‍ പ്രവേശിക്കുന്നത്. പിന്നീട് അസുഖം ഭേദമായി ഇന്നാണ് ലോക്‌സഭയില്‍ തിരിച്ചെത്തുന്നത്. മൂന്നുമാസങ്ങള്‍ക്കു ശേഷം മന്ത്രി ആദ്യമായാണ് പുറത്തെത്തുന്നത്. സഭയിലെ അംഗങ്ങളും സ്പീക്കര്‍ സുമിത്ര മഹാജനും അവരെ ഹര്‍ഷാരവങ്ങളോടെ വരവേറ്റു. സ്പീക്കര്‍ക്കും പ്രതിപക്ഷനേതാവിനും ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും സുഷമ സ്വരാജ് നന്ദി രേഖപ്പെടുത്തി. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ സഭയില്‍ ചര്‍ച്ചചെയ്തു. ഇന്ത്യക്കാരനായ ശ്രീനിവാസ് അമേരിക്കയില്‍ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. എന്നാല്‍ സംഭവത്തില്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് സുഷമാസ്വരാജ് പറഞ്ഞു.

അസുഖബാധിതയായി ആസ്പത്രിയില്‍ കഴിയുമ്പോഴും കാര്യക്ഷമമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സുഷമ ചെയ്തിരുന്നു. വെറുതെയിരിക്കുമ്പോഴാണ് തനിക്ക് അസുഖമെന്നും ജോലി ചെയ്യുമ്പോള്‍ താന്‍ ആരോഗ്യവതിയാണെന്നും അവര്‍ പറഞ്ഞിരുന്നു. പിന്നീട് മാസങ്ങള്‍നീണ്ട ചികിത്സക്കും വിശ്രമത്തിനും ശേഷമാണ് മന്ത്രി തിരിച്ചെത്തുന്നത്.

chandrika: