X

‘രാജ്യം കുല്‍ഭൂഷന്റെ കുടുംബത്തോടൊപ്പം നില്‍ക്കണം’; കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ച പാക്കിസ്താനെ കടന്നാക്രമിച്ച് സുഷമാസ്വരാജ്

ന്യൂഡല്‍ഹി: കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്താന്‍ അപമാനിച്ച സംഭവത്തില്‍ പാക്കിസ്താനെ കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. പാക്കിസ്താന്റെ പ്രവൃത്തി കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യത്തില്‍ ഇന്ത്യ പാക്കിസ്താനെ പ്രതിഷേധം അറിയിച്ചുവെന്നും സുഷമാസ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞു. ഇന്നലെ രാജ്യസഭയില്‍ കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് സുഷമാസ്വരാജിന്റെ പ്രസംഗമെത്തിയത്.

ഇന്ത്യന്‍ നയതന്ത്രഞ്ജരെ കൂടാതെയാണ് കൂടിക്കാഴ്ച്ച നടത്തിയത്. പാക്കിസ്താന്റെ നടപടി അത്യന്തം നിന്ദ്യാര്‍ഹമാണ്. ചേതനയുടെ താലിമാല അടക്കമുള്ള ആഭരണങ്ങളും വസ്ത്രങ്ങളും പാക് ഉദ്യോഗസ്ഥര്‍ ഊരിമാറ്റി. വിധവയുടെ രൂപത്തില്‍ കുല്‍ഭൂഷന്റെ ഭാര്യയെ ഇരുത്താനായിരുന്നു പാക്കിസ്താന്റെ ഉദ്ദേശം. ആഭരണങ്ങള്‍ അഴിച്ചുമാറ്റുന്ന കാര്യം ഇന്ത്യയെ അറിയിച്ചിരുന്നില്ല. ചേതനയുടെ ചെരുപ്പില്‍ ചിപ്പ് ഘടിപ്പിച്ചിരുന്നുവെന്ന വാദം പച്ചക്കള്ളമാണ്. കൂടിക്കാഴ്ച്ച പാക്കിസ്താന്‍ വ്യാജപ്രചാരണത്തിന് ഉപയോഗിക്കുകയാണ്. കുല്‍ഭൂഷന്റെ നില മോശമാണ്. കുല്‍ഭൂഷനെ വധശിക്ഷക്ക് വിധിച്ചത് വ്യാജവിചാരണ നടത്തിയാണ്. പാക് മാധ്യമങ്ങളും കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ചു. രാജ്യം കുല്‍ഭൂഷന്റെ കുടുംബത്തോടൊപ്പം നില്‍ക്കണമെന്നും ഇതില്‍ പ്രതിഷേധിക്കണമെന്നും സുഷമാസ്വരാജ് പറഞ്ഞു.

സുഷമാസ്വരാജിനോട് യോജിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. പാക്കിസ്താന്‍ രാജ്യത്തെ സ്ത്രീകളെയാണ് അപമാനിച്ചത്. ഇതില്‍ രാഷ്ട്രീയഭേദമില്ല. രാജ്യത്തിന്റെ അഭിമാനത്തേയോ, രാജ്യത്തെ അമ്മമാരേയോ സഹോദരിമാരേയോ അപമാനിക്കുന്നത് സഹിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: