X
    Categories: NewsSports

സൂര്യകുമാറും ഭുവനേശ്വറും സീറ്റുറപ്പിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര ഇന്ത്യക്ക് അനുകൂലമായി 2-1 ല്‍ അവസാനിച്ചപ്പോള്‍ ലോകകപ്പ് സംഘത്തില്‍ കസേര ഉറപ്പാക്കിയത് രണ്ട് പേര്‍. ബാറ്റര്‍ സൂര്യകുമാര്‍ യാദവും സീമര്‍ ഭുവനേശ്വര്‍ കുമാറും. മൂന്ന് മാസത്തിന് ശേഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് മുന്‍നിര്‍ത്തി കോച്ച് രാഹുല്‍ ദ്രാവിഡും സെലക്ടര്‍മാരും നടത്തുന്ന പരീക്ഷണങ്ങളില്‍ കരുത്ത് നേടിയത് ഈ രണ്ട് പേരാണ്. മൂന്ന് മല്‍സര ടി-20 പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ തകര്‍ത്തു പന്തെറിഞ്ഞു ഭുവി. ഇംഗ്ലണ്ടിലെ സമാന സാഹചര്യങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഉള്ളതിനാല്‍ അദ്ദേഹത്തിന് സീറ്റുറപ്പ്. പന്ത് നന്നായി സ്വിംഗ് ചെയ്യിക്കുന്നു. പുതിയ പന്തിലും പഴയ പന്തിലും നല്ല മൂവ്‌മെന്റും ലഭിക്കുന്നു.

ആക്രമണ ബാറ്റിംഗിന്റെ മകുടോദാഹരണമായിരുന്നു ഇന്ത്യ പരാജയപ്പെട്ട മൂന്നാം മല്‍സരത്തിലെ സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്.ഇന്ത്യയുടെ ബാറ്റിംഗ് സമീപനം തന്നെ മാറിയിരിക്കുന്നു. പരമ്പരയില്‍ രണ്ട് തവണ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തു. സതാംപ്ടണില്‍ രണ്ട് വിക്കറ്റിന് 66 റണ്‍സ് എന്ന നിലയിലായിരുന്നു തുടക്കത്തില്‍ ഇന്ത്യ. ആറ് ഓവറുകള്‍ക്ക് ശേഷമായിരുന്നു ഈ സ്‌ക്കോര്‍. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ പ്രതിരോധ വഴിയാണ് ടീം തെരഞ്ഞെടുക്കാറുളളതെങ്കില്‍ പിറകെ വന്നവരെല്ലാം തകര്‍ത്തടിച്ചു. ഇന്ത്യ വലിയ സ്‌ക്കോര്‍ നേടി. എജ്ബാസ്റ്റണിലെ മല്‍സരത്തിലും ഇത് തന്നെ അവസ്ഥ. പരാജയപ്പെട്ട മൂന്നാം മല്‍സരത്തില്‍ തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിട്ടും പിന്നീട് വന്നവര്‍ അത് കാര്യമാക്കിയില്ല. സൂര്യകുമാറിന്റെ സെഞ്ച്വറി അങ്ങനെ പിറന്നതാണ്. റിഷാഭ് പന്ത് ഓപ്പണറായി വരുന്നതോടെ അവിടെയും ആക്രമണം, മാത്രമല്ല മധ്യനിരയില്‍ കൂടുതല്‍ സാധ്യതകളും കൈവരുന്നു. നിലവില്‍ ക്യാപ്റ്റന്‍ രോഹിതിനെ കൂടാതെ വിരാത് കോലി, ശ്രേയാംസ് അയ്യര്‍, ദീപക് ഹുദ, റിഷാഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ. രവീന്ദു ജഡേജ തുടങ്ങി കരുത്തര്‍ മധ്യനിരയിലെത്തുന്നു. കോലി റണ്‍സിന് പ്രയാസപ്പെടുമ്പോഴും അത് ടീമിനെ ബാധിക്കുന്നില്ല എന്നതും ശ്രദ്ധേയം. മൂന്നാം മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 216 റണ്‍സ് നേടിയിട്ടും സൂര്യകുമാര്‍ അതൊന്നും കാര്യമാക്കാതെ മനോഹരമായി കളിച്ചു. അവസാന ഓവറില്‍ അദ്ദേഹം പുറത്താവുന്നത് വരെ ടീമിന് പ്രതീക്ഷയുണ്ടായിരുന്നു.ഹാര്‍ദിക് പാണ്ഡ്യ-ജഡേജ സഖ്യത്തിന്റെ സാന്നിദ്ധ്യം ടീമിന് മികച്ച ബൗളിംഗ് ഓപ്ഷനും നല്‍കുമ്പോള്‍ ലോകകപ്പ് സംഘം ഏറെക്കുറെ റെഡിയായിരിക്കുന്നു.

Chandrika Web: