ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടിലൊന്ന് പൊലീസുകാരും മുസ്ലിംകള്‍ കുറ്റകൃത്യ വാസനയുള്ളവരാണെന്ന് വിശ്വസിക്കുന്നുവെന്ന് സ്റ്റാറ്റസ് ഓഫ് പൊലീസിങ് ഇന്‍ ഇന്ത്യ 2019 പഠന റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസിന്റെ ലോക്‌നീതി പ്രോഗ്രാമും കോമണ്‍കോസ് എന്ന സര്‍ക്കാരിതര സംഘടനയും സംയുക്തമായി പൊലീസിന്റെ കാര്യക്ഷമതയും തൊഴില്‍ സാഹചര്യങ്ങളെയും കുറിച്ച് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ മുസ്ലിം വിഭാഗം സ്വാഭാവിക കുറ്റകൃത്യ വാസനയുള്ളവരാണെന്നും ഭൂരിപക്ഷം പൊലീസ് ജീവനക്കാരും വിശ്വസിക്കുന്നു. മറിച്ച് ചിന്തിക്കുന്നവര്‍ വളരെ കുറവ്.
മറ്റ് വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്ലിംകളാണ് ക്രിമിനല്‍ കേസുകളില്‍ കൂടുതലും പ്രതികളെന്നാണ് പൊലീസുകാര്‍ പറയുന്ന കാരണം. ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പൊലീസ്, ദലിത് വിഭാഗങ്ങളും കുറ്റവാസന കൂടുതലുള്ളവരാണെന്ന് വിശ്വസിക്കുന്നു. ഇന്ത്യയിലെ ഉന്നത ജാതിക്കാര്‍ കുറ്റം ചെയ്യുന്നത് കുറവാണെന്നാണ് 51 ശതമാനം പൊലീസുകാരും വിശ്വസിക്കുന്നത്. മുസ്ലിം, ദലിത്, ആദിവാസി വിഭാഗങ്ങളിലാണ് കുറ്റവാസന കൂടുതലുള്ളതെന്നും മിക്ക സംസ്ഥാനങ്ങളിലെ പൊലീസുകാരും പറയുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജി റിട്ട ജസ്റ്റിസ് ജെ ചെലമേശ്വര്‍ ആണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.