ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനെതിരേയും ആഞ്ഞടിച്ച് ബി.എസ്.പി അദ്ധ്യക്ഷ മായാവതി രംഗത്ത്. 2016 സെപ്തംബറില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് കടന്നുകയറി ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണ് മുന്‍ യുപി മുഖ്യമന്ത്രി കൂടിയായ മായാവതി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും ഭരണ പരാജയം മറച്ചുവെക്കാനാണ് മോദി സര്‍ക്കാറിന്റെ ഈ നടപടിയെന്നും മായാവതി വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പ് മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാനാണ്. അല്ലെങ്കില്‍ അവര്‍ എന്തുകൊണ്ട് സംഭവം നടന്നപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടില്ല?, സൈനികരുടെ പ്രവൃത്തിയെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്. ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മനസിലാകാതിരിക്കാന്‍ ജനങ്ങള്‍ വിഡ്ഢികളല്ല. മായാവതി പറഞ്ഞു.
എം4 എ, ഇസ്രയേലി ടാവര്‍ ടി.എ.എ 1 റൈഫിള്‍സ്, ഗ്രനേഡ് ലോഞ്ചര്‍, ഗില്‍ഡ് സ്പിപ്പര്‍ റൈഫിള്‍സ് തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിക്കുന്നതും ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ഡ്രോണുകള്‍, തെര്‍മല്‍ ഇമേജിംഗ് കാമറകള്‍ എന്നിവയുടെ സഹായത്തോടെയാണ് ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
അതേസമയം സംഭവത്തില്‍ സൈനികരെ വോട്ടിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് കൊണ്ട് നേരത്തെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ദേശീയ ചാനലുകളെല്ലാം പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തേ സംപ്രഷണം ചെയ്തിരുന്നു. എന്നാല്‍ ഇതാദ്യമായാണ് സര്‍ജിക്കല്‍ സ്‌െ്രെടക്കിന്റെ യഥാര്‍ത്ഥ വീഡിയോകള്‍ പുറത്തു വരുന്നത്.