ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ ഏഴ് തീവ്രവാദി ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ആക്രമണം 100 ശതമാനം കുറ്റമറ്റതായിരുന്നുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.
ഇത്തരം ദൗത്യം നടത്താനുള്ള ധൈര്യവും ശക്തിയും രാജ്യത്തിനുണ്ട്. രാജ്യത്തോട് വിധേയത്വമില്ലാത്തവരാണ് സൈന്യത്തെ കുറ്റപ്പെടുത്തുന്നതെന്നും അത്തരക്കാര്‍ക്ക് യാതൊരു തെളിവും നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ട വീര്യത്തില്‍ മുമ്പ് ആരും സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ അതിര്‍ത്തിയില്‍ പോരാടാന്‍ തയാറാണെന്നു കാണിച്ച് വിരമിച്ച സൈനികര്‍ തനിക്ക് കത്ത് എഴുതിയതായും അദ്ദേഹം പറഞ്ഞു. പാക് മണ്ണില്‍ ഇന്ത്യന്‍ സൈന്യം മിന്നല്‍ ആക്രമണം നടത്തിയെന്ന് പാകിസ്താനില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വിടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗ്രയില്‍ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.