ഉറിയിലെ ഇന്ത്യന്‍ സൈനിക താവളത്തില്‍ പാക് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന് കണക്കറ്റ തിരിച്ചടിയായിരുന്നു ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. നാല്‍പതോളം തീവ്രവാദികളെയും അവരുടെ സഹായികളെയും സൈന്യം കൊന്നൊടുക്കി. പാക് അധീന കശ്മീരിലെ തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങളാണ് ഇന്ത്യ ഇല്ലാതാക്കിയത്. ആക്രമണം സൈന്യം വിഡിയോയില്‍ പകര്‍ത്തുകയും പ്രധാനമന്ത്രി ആക്രമണ ദൃശ്യങ്ങള്‍ ലൈവായി തന്നെ കാണുകയും ചെയ്തു.
എന്നാല്‍, ഇന്ത്യ ആക്രമിച്ചെന്ന് വ്യക്തമാക്കിയിട്ടും അന്ന് അങ്ങനെയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടായിട്ടില്ല എന്നാണ് പാക് ഭാഷ്യം. യുഎസും അന്താരാഷ്ട്ര മാധ്യമങ്ങളുമെല്ലാം പാക് നിലപാടിനെയാണ് പിന്തുണക്കുന്നതും. അന്താരാഷ്ട്ര മാധ്യമ പ്രതിനിധികളെയടക്കം സംഭവ സ്ഥലത്ത് കൊണ്ട്‌പോയി ആക്രമണ വാര്‍ത്ത നിഷേധിക്കാനും പാക് സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. ഈ സാഹചര്യത്തിലാണ് സൈന്യം പകര്‍ത്തിയ വിഡിയോ പുറത്തു വിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം തുടങ്ങിയവരും ആവശ്യപ്പെട്ടത്. എന്നാല്‍, ഇരുവരെയും വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു ബി.ജെ.പി.
അങ്ങനെയൊരു അക്രമണമേ ഉണ്ടായിട്ടില്ലെന്ന് വാദിക്കുന്ന പാക് മുഖം വികൃതമാക്കാനും വിഡിയോ പുറത്തുവിടുന്നതിലൂടെ കഴിയും. പാകിസ്താനില്‍ ജനരോഷം പാക് സൈന്യത്തിനെതിരാവുകയും ചെയ്യും. ഇന്ത്യന്‍ സൈന്യം അക്രമിച്ചത് ഹെലികോപ്റ്ററുകളിലിറങ്ങിയാണെന്ന് ഇന്ത്യന്‍ മിലിട്ടറി ജനറല്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ അക്രമിച്ചെന്ന് പറഞ്ഞ സ്ഥലങ്ങളിലെ സമീപവാസികള്‍ അങ്ങനെയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ലെന്ന് പറഞ്ഞതായുള്ള പാക് റിപ്പോര്‍ട്ടുകളും വിഡിയോ പുറത്തുവിടുന്നതിലൂടെ പൊളിച്ചടക്കാനാവും.