X

‘ശസ്ത്രക്രിയ വിജയകരം, പക്ഷേ രോഗി മരിച്ചു’ മോദിയുടെ നോട്ടുനിരോധനത്തെ പരിഹസിച്ച് പവാര്‍

മുംബൈ: മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം സമ്പൂര്‍ണ്ണ പരാജയമാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍.
പരാജയത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് പറഞ്ഞ പവാര്‍ സൈനികര്‍ക്കെതിരെ വര്‍ധിക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിച്ചു.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനം സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകാനും കള്ളപ്പണത്തെ തുരത്താനും സഹായിക്കുമെന്നതില്‍ എനിക്ക് സംശയമുണ്ടായിരുന്നില്ല, എന്നാല്‍ അത് നടപ്പാക്കുന്നതില്‍ കേന്ദ്രം സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. സാധാരണക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.
സമ്പദ്‌വ്യവസ്ഥ താറുമാറായി. ശസ്ത്രക്രിയ വിജയകരമായി നടന്നു പക്ഷെ രോഗി മരിച്ചു എന്ന അവസ്ഥയാണ് നോട്ട് പിന്‍വലിക്കല്‍ കൊണ്ട് ഉണ്ടായത്.
വലിയ തീരുമാനമാണ് മോദിയെടുത്തത്. എന്നാല്‍ അതിന് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ചെയ്തിരുന്നില്ല. ജനം നേരിടുന്ന ദുരിതത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മോദി സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. രാജ്യത്ത് വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ ബിസിനസ്സുകാരില്‍ നിന്നും പുതിയ കറന്‍സികള്‍ പിടിച്ചെടുത്ത സംഭവങ്ങളിലും കേന്ദ്രത്തെ പവാര്‍ വിമര്‍ശിച്ചു.
സാധാരണക്കാര്‍ പണം കിട്ടാതെ നെട്ടോട്ടമോടുമ്പോഴാണ് നിരവധി പേരില്‍ നിന്നും കോടികളുടെ പുതിയ നോട്ടുകള്‍ പിടികൂടുന്നത്. പിന്‍വാതിലിലൂടെ പണം മാറ്റാന്‍ അധികൃതര്‍ തന്നെ കൂട്ടുനിന്നിട്ടുണ്ടെന്നും പവാര്‍ ആരോപിച്ചു.
ഇതിന്റെ ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്നും അദ്ദേഹം പറഞ്ഞു. സൈനികര്‍ക്ക് നേരെ വര്‍ധിക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും മോദി സര്‍ക്കാരിനെ പവാര്‍ കുറ്റപ്പെടുത്തി. ദേശീയ സുരക്ഷയില്‍ തനിക്ക് ആശങ്കയുണ്ട്. ഫെബ്രുവരി നാല് മുതല്‍ ഡിസംബര്‍ ഒമ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 162 തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് കണക്ക്.
ഇതില്‍ 104ഉം സൈന്യത്തിന് നേരെ ആയിരുന്നു. ആക്രമണങ്ങളില്‍ 57 സൈനികര്‍ കൊല്ലപ്പെട്ടു. മുന്‍കാലങ്ങളിലൊന്നും സൈനികര്‍ക്ക് നേരെ ഇത്രയും ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പവാര്‍ പറഞ്ഞു. പാകിസ്താന് ലവ് ലെറ്റര്‍ എഴുതുന്നത് അവസാനിപ്പിക്കണമെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദി യുപിഎ സര്‍ക്കാരിനെ ഉപദേശിച്ചിരുന്നത്.
56 ഇഞ്ച് നെഞ്ചിന്റെ വാചോടാപവും നടത്തി. പക്ഷെ മോദി അധികാരത്തില്‍ വന്നിട്ടും ദേശീയ സുരക്ഷ ആശങ്കയിലാണ്. തീവ്രവാദി ആക്രമണങ്ങള്‍ തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
ദേശീയ സുരക്ഷ രാഷ്ട്രീയവത്കരിക്കാനല്ല തന്റെ ശ്രമം. ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പം നീങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷമെന്നും പവാര്‍ കൂട്ടിചേര്‍ത്തു.

chandrika: