ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനിയുടെ ഉല്‍പന്നമായ സര്‍ഫ് എക്‌സല്‍ അലക്കുപൊടിയുടെ പരസ്യം പത്ത് മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്നു. പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ സര്‍ഫ് എക്‌സല്‍ ഉല്‍പന്നം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തെ പ്രമേയമാക്കിയാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്. കൂട്ടുകാര്‍ക്കിടയിലേക്ക് ഒരു പെണ്‍കുട്ടി സൈക്കിളില്‍ എത്തുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. തുടര്‍ന്ന് കൂട്ടികള്‍ എല്ലാവരും ചേര്‍ന്ന് ചായം പെണ്‍കുട്ടിക്ക് നേരെ വാരി എറിയുന്നു. കൂട്ടുകാരുടെ കൈവശമുണ്ടായിരുന്ന എല്ലാ ചായവും തീരുമ്പോള്‍ കൂട്ടുകാരനായ മുസ്ലിം സുഹൃത്തിനെ പെണ്‍കുട്ടി വിളിക്കുകയും സൈക്കിളില്‍ കയറ്റി പള്ളിയില്‍ എത്തിക്കുകയും ചെയ്യും. പള്ളിക്ക് മുന്നില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാനായി ഇറക്കി വിടുന്ന പെണ്‍കുട്ടിയോട് നിസ്‌കരിച്ച ശേഷം ഹോളി ആഘോഷിക്കാന്‍ വേഗം എത്താമെന്ന് പറഞ്ഞാണ് കുട്ടി പടികള്‍ കയറി പോകുന്നത്.
ഇതാണ് ചില വര്‍ഗീയ ശക്തികളെ ചൊടിപ്പിച്ചത്. സര്‍ഫ് എക്‌സലിന്റെ തന്നെ ഉല്‍പന്നമാണെന്നു വിചാരിച്ച് മൈക്രോസോഫ്റ്റ് എക്‌സലിനു താഴെ പോയി പോലും മുട്ടന്‍ തെറികളെഴുതി വിട്ടാണ് പലരും കലിപ്പടക്കിയത്. എന്നാല്‍ പരസ്യത്തെ പിന്തുണച്ച് വലിയ വിഭാഗം ജനങ്ങളും രംഗത്തെത്തിയിരുന്നു.