പോണ്ടിച്ചേരി: നടനും ബിജെപി എം.പിയുമായ സുരേഷ് ഗോപിയും നികുതി വെട്ടിച്ചതായി കണ്ടെത്തല്‍. പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്റെ മറവിലാണ് താരം നികുതി വെട്ടിപ്പ് നടത്തിയത്.
പോണ്ടിച്ചേരിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ വിലാസത്തിന്റെ തന്റെ ഒ.ഡി ക്യൂ 7 രജിസ്റ്റര്‍ ചെയ്താണ് നികുതി വെട്ടിച്ചത്. 80 ലക്ഷം രൂപ വില വരുന്ന ഒ.ഡി കാര്‍ 2010ലാണ് സുരേഷ്‌ഗോപി പോണ്ടിച്ചേരി മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്.
പോണ്ടിച്ചേരി ആര്‍.ടി ഓഫീസിലെ രേഖകള്‍പ്രകാരമുള്ള വിലാസത്തിലെ ആളുകള്‍ക്ക് സുരേഷ് ഗോപിയെ കണ്ടു പരിചയം പോലുമില്ല. ഈ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കാറാണ് എം.പി എന്ന നിലയില്‍ തന്റെ ഔദ്യോഗിക വാഹനമായി സുരേഷ് ഗോപി ഉപയോഗിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 15 ലക്ഷത്തോളം രൂപ സംസ്ഥാന സര്‍ക്കാറിന് നികുതിയായി സുരേഷ് ഗോപി അടക്കേണ്ടി വരുമായിരുന്നു. നേരത്തെ നടന്‍ ഫഹദ് ഫാസിലും നടി അമലപോളും ഇതേ രീതിയില്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.