X
    Categories: MoreViews

കീഴാറ്റൂര്‍ സമരം: പൊതുവേദിയില്‍ കൊമ്പുകോര്‍ത്ത് സുരേഷ്‌ഗോപിയും പി.കെ ശ്രീമതിയും 

കണ്ണൂര്‍:  പൊതുവേദിയില്‍ സുരേഷ്‌ഗോപി വയല്‍കിളി സമരത്തെ കുറിച്ച് പറഞ്ഞപ്പോള്‍ പി.കെ ശ്രീമതി എം.പിക്ക് രസിച്ചില്ല. തിരുത്തലും ന്യായീകരണവും ഖേദ പ്രകടനവുമായി തിരശീലയില്‍ വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ക്കുന്ന താരവും കീഴാറ്റൂര്‍ ഉള്‍പ്പെടുന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയും കൊമ്പുകോര്‍ത്തു.
കണ്ണൂരില്‍ നിന്ന് പുതുതായി പ്രസിദ്ധീകരണമാരംഭിക്കുന്ന സായാഹ്്‌ന പത്രത്തിന്റെ ഉദ്ഘാടന പരിപാടിയിലാണ് സുരേഷ്‌ഗോപിയും പി.കെ ശ്രീമതിയും തമ്മില്‍ കീഴാറ്റൂര്‍ വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരനും വേദിയിലിരിക്കെയാണ് സുരേഷ്‌ഗോപി പ്രസംഗിച്ച് കൊണ്ടിരിക്കെ തന്നെ കീഴാറ്റൂരുമായി ബന്ധപ്പെട്ട തന്റെ അനിഷ്ടം പി.കെ ശ്രീമതി പ്രകടിപ്പിച്ചത്.
മാധ്യമങ്ങളും സമൂഹവുമായുള്ള ബന്ധത്തെ കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ ജനങ്ങളുടെ പ്രയാസത്തെ കുറിച്ച് പറയവെയാണ് സുരേഷ്‌ഗോപി വയല്‍കിളി സമരത്തെയും പരാമര്‍ശിച്ചത്. ദാഹനീരിന് വേണ്ടി തൊണ്ടപൊട്ടി വിളിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണീരാകണം വാര്‍ത്തയെന്ന ‘പത്രം’ സിനിമയിലെ സംഭാഷണ ശകലത്തിന് അടിവരയിട്ട് കൊണ്ട് വയല്‍കിളികളുടെ കണ്ണീരും കാണാതെ പോകരുതെന്ന വാക്കാണ് പി.കെ ശ്രീമതിയെ ചൊടിപ്പിച്ചത്.
വയല്‍കിളികളെ കുറിച്ച് പറയുമ്പോള്‍ തന്നെ വികസന വിരുദ്ധരെന്ന് പറയുന്നത് മാഫിയ വാചകമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. വയല്‍കിളികളിലും ഒരു സത്യമുണ്ട്. അതേകുറിച്ച് അന്വേഷിക്കണം. ഏതിലേകൂടി പാത വേണമെന്നത് പ്രകൃതി ആഘാത പഠനം നടത്തി മതി. പക്ഷേ ഇത് പണിയാതിരിക്കാനും സാധ്യമല്ല. കീഴാറ്റൂരിലെ പ്രശ്‌നവും പരിഹരിക്കപെടേണ്ടതുണ്ടെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി.
സത്യം എന്താണെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം. ഭൂരിപക്ഷം ചെയ്യുന്നത് എല്ലാം ശരിയായി കൊള്ളണമെന്നില്ല. ഭൂരിപക്ഷത്തിന്റെ ഭാഗത്തും തെറ്റുണ്ടെങ്കില്‍ അതേകുറിച്ച് എഴുതാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണമെന്നാണ് സുധാകരന്‍ പ്രതികരിച്ചത്.

chandrika: