മുംബൈ: നിശ ക്ലബ് പാര്‍ട്ടിയില്‍ നടന്ന റെയ്ഡില്‍ അറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തത്. കൊവിഡ് പ്രോട്ടോക്കോള്‍ സമയക്രമം അറിയില്ലായിരുന്നു എന്നാണ് ജാമ്യത്തിലിറങ്ങിയ ശേഷം റെയ്‌നയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത കുറിപ്പ് പറയുന്നു.
‘മുംബൈയില്‍ ഒരു ഷൂട്ടിന്റെ ഭാഗമായാണ് റെയ്‌ന എത്തിയത്. ഷൂട്ട് വൈകി. പിന്നീട് ഒരു സുഹൃത്ത് അത്താഴത്തിന് ക്ഷണിച്ചപ്പോള്‍ പോകുകയായിരുന്നു. പ്രാദേശികമായുള്ള നിയന്ത്രണങ്ങളെയും സമയക്രമങ്ങളെയും കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അധികാരികള്‍ അതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ അദ്ദേഹം അതനുസരിക്കുകയും ചെയ്തു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ എപ്പോഴും ശ്രദ്ധിക്കുന്ന അദ്ദേഹം തുടര്‍ന്നും അതേ രീതിയില്‍ തന്നെ തുടരുന്നതായിരിക്കും,’ പ്രസ്താവനയില്‍ പറയുന്നു.
മുംബൈ വിമാനത്താവളത്തിന് അടുത്തുള്ള ആഡംബര ക്ലബ്ബിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടക്കുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം റെയ്‌ന ഉള്‍പ്പെടെ 34 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഗായകന്‍ ഗുരു രണ്‍ധാവ, ബോളിവുഡ് താരം ഹൃതിക് റോഷന്റെ മുന്‍ ഭാര്യ സുസെയ്ന്‍ ഖാന്‍ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കു പുറമെ ക്ലബ്ബിലെ ഏഴു ജീവനക്കാരെയും പൊലീസ് പിടികൂടി.