ന്യൂഡല്‍ഹി; പിതൃസഹോദരിയുടെ കുടുംബത്തിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി (ഐപിഎല്‍) യുഎഇയിലെത്തിയശേഷം അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് താരത്തിന്റെ ആദ്യ പ്രതികരണം ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. പിതൃസഹോദരിയുടെ ഭര്‍ത്താവിനു പിന്നാലെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇവരുടെ ഒരു മകന്‍ കൂടി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. ഈ സാഹചര്യത്തിലാണ് വേദന പങ്കുവച്ചും പ്രതികളെ കണ്ടെത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി സഹായം തേടിയും റെയ്‌ന ട്വീറ്റ് ചെയ്തത്.
‘പഞ്ചാബിലുള്ള എന്റെ കുടുംബത്തിനു സംഭവിച്ചത് ഭീകരമായതിലും അപ്പുറത്താണ്. എന്റെ അങ്കിളിനെ അവര്‍ ക്രൂരമായി കൊലപ്പെടുത്തി. എന്റെ ആന്റിയും രണ്ട് സഹോദരങ്ങളും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്രയും ദിവസം ജീവനുവേണ്ടി പൊരുതിയ അവരില്‍ ഒരു സഹോദരനും കഴിഞ്ഞ രാത്രി മരണത്തിനു കീഴടങ്ങി. ആന്റി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്’റെയ്‌ന ട്വീറ്റ് ചെയ്തു.
‘ആ രാത്രി യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നോ ആരാണ് ഈ ക്രൂരത ചെയ്തതെന്നോ ഇതുവരെ ഞങ്ങള്‍ക്ക് അറിയില്ല. ഈ പ്രശ്‌നത്തില്‍ പഞ്ചാബ് പൊലീസ് അടിയന്തരമായി ഇടപെടണമെന്ന് അപേക്ഷിക്കുന്നു. ഈ ക്രൂരകൃത്യം ആരാണ് ചെയ്തത് എന്നെങ്കിലും അറിയാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. അവര്‍ ഇനിയും കൂടുതല്‍ ക്രൂരതകള്‍ ചെയ്യാന്‍ പാടില്ല. അവരെ എത്രയും വേഗം പിടികൂടണം’- പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ ടാഗ് ചെയ്ത് റെയ്‌ന മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
പഞ്ചാബിലെ പഠാന്‍കോട്ടില്‍ ഈ മാസം 19നായിരുന്നു ആക്രമണം നടന്നത്. അര്‍ധരാത്രി കൊള്ളക്കാര്‍ നടത്തിയ ആക്രമണത്തില്‍ റെയ്‌നയുടെ പിതൃസഹോദരി ആശാദേവിയുടെ ഭര്‍ത്താവ് അശോക് കുമാര്‍ (58) കൊല്ലപ്പെട്ടിരുന്നു. കൊള്ളക്കാരുടെ ആക്രമണത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമായത്. ആശാദേവിയും രണ്ടു മക്കളും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കളായ കൗശല്‍ കുമാര്‍ (32), അപിന്‍ കുമാര്‍ (24) എന്നിവരില്‍ ഒരാള്‍ കൂടി കഴിഞ്ഞ രാത്രി മരിച്ചതായാണ് റെയ്‌നയുടെ ട്വീറ്റ് നല്‍കുന്ന സൂചന.
ഓഗസ്റ്റ് 19ന് അര്‍ധരാത്രി വീടിന്റെ ടെറസില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. കുപ്രസിദ്ധ കുറ്റവാളി കാലെ കച്ചേവാലയുടെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണം. പണവും ആഭരണങ്ങളും അക്രമികള്‍ കവര്‍ന്നിട്ടുണ്ട്. ആക്രമണം നടന്നിട്ട് 10 ദിവസം പിന്നിട്ടെങ്കിലും ഇതുവരെ അക്രമികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് റെയ്‌ന പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായം തേടിയത്.