X

സുരേഷ് ഗോപിയുടെ ‘കടക്ക് പുറത്ത്’

തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തിനിടെയുള്ള ആംബുന്‍സ് യാത്രയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടുള്ള ‘മൂവ് ഔട്ട്’ പ്രയോഗത്തിലൂടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വിണ്ടും വിവാദത്തിലേക്ക് എടുത്തു ചാടിയിരിക്കുകയാണ്. എറണാകുളം രാജാജി റോഡ് ഗംഗാത്രി ഹാളില്‍ നടന്ന റോസ്ഗാര്‍ മേളയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയോട് ആംബുലന്‍സിലല്ല, കാറിലാണു താന്‍ വന്നതെന്നു താങ്കള്‍ പറഞ്ഞല്ലോ എന്നുചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. ചടങ്ങുകഴിഞ്ഞു പുറത്തുവരുമ്പോഴുള്ള ചോദ്യങ്ങള്‍ക്ക് ‘നിങ്ങളോടു പറയാന്‍ എനിക്കു മനസ്സില്ല. ഞാന്‍ സി.ബി.ഐയോടു പറഞ്ഞോളാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചേലക്കര നിയോജകമണ്ഡലത്തില്‍ നടന്ന ബി.ജെ.പി പൊതുയോഗത്തിനിടെ പൂരസ്ഥലത്തേക്കുള്ള സുരേഷ്ഗോപിയുടെ വരവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സുരേഷ് ഗോപി എം.പിയും നടത്തിയ പരസ്പര വിരുദ്ധ സംസാരത്തെത്തുടര്‍ന്നാണ് പുതിയ വിവാദം ഉടലെടുത്തത്.

പൊലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പൂരച്ചടങ്ങുകള്‍ നിര്‍ത്തിവെച്ച സന്ദര്‍ഭത്തില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ഓഫീസിലേക്ക് സുരേഷ് ഗോപി വന്നതിനെ ന്യായീകരിച്ച് സംസാരിച്ച സുരേന്ദ്രനെ അതേ വേദിയില്‍ വെച്ച് തന്നെ സുരേഷ് ഗോപി തിരുത്തുകയായിരുന്നു. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ താന്‍ അവിടേക്ക് പോയിട്ടില്ലെന്നും ജില്ലാ പ്രസിഡന്റിന്റെ കാറി ലായിരുന്നു സഞ്ചരിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സുരേഷ് ഗോപി ആംബുലന്‍സില്‍ തന്നെയാണ് പോയതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടി വിശദീകരിച്ചുവെങ്കിലും തന്റെ നിലപാട് വീണ്ടും ആവര്‍ത്തിക്കുകയാണ് സുരേഷ് ഗോപി ചെയ്തത്. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ എറണാകുളത്ത് വെച്ച് തല്‍സംബന്ധമായ ചോദ്യങ്ങളുന്നയിച്ചത്. ചടങ്ങിന് മുമ്പും ശേഷവും മാധ്യമപ്രവര്‍ത്തകരോട് ഒരേ രീതിയിലുള്ള സമീപനം സ്വീകരിച്ചതിലൂടെ തന്റെ ധിക്കാരപരമായ നലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നത്.

മാധ്യമങ്ങളോട് മാത്രമല്ല, സ്വന്തം പാര്‍ട്ടിനേതാക്കളോടും പ്രവര്‍ത്തകരോടും വരെ സുരേഷ്ഗോപി സ്വീകരിക്കുന്ന ധിക്കാരപരമായ സമീപനം കേരളീയരെ അസ്വസ്തമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഒരു ജനപ്രതിനിധിക്കുണ്ടാവേണ്ട മര്യാദകളൊന്നും തനിക്ക് ബാധകമല്ലെന്ന് പെരുമാറ്റത്തിലൂടെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കാകെ അപമാനം വരുത്തിവെച്ച് കൊണ്ടിരിക്കുകയാണ്. വെള്ളിത്തിരയിലെ താരപദവി ജനസേവന രംഗത്തും ലഭിച്ചേ തീരുവെന്ന അഹംഭവമാണ് അദ്ദേഹത്തെ നയിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യത്യസ്ത സംഭവങ്ങളിലൂടെ സുരേഷ് ഗോപി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ജനപ്രതിനിധികളോട് മാധ്യമങ്ങള്‍ ചോദ്യ ങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടിയാണ്.

തങ്ങള്‍ തിരഞ്ഞെടുത്തയച്ചവര്‍ നാടിനുവേണ്ടി എന്തു ചെയ്തുവെന്നും പൊതു വിഷയങ്ങളില്‍ അവര്‍ എന്തു നിലപാടെടുക്കുന്നുവെന്നുമറിയാനുള്ള അവകാശം ജനാധിപത്യ സംവിധാനത്തില്‍ ഓരോ പൗരനുമുണ്ട്. ആ അവകാശങ്ങള്‍ മാധ്യമങ്ങള്‍ വിനിയോഗിക്കുമ്പോള്‍ സംയമനത്തോടെ പ്രതികരിക്കാനും സഹിഷ്ണുതയോടെ പെരുമാറാനും ജനപ്രതിനിധികള്‍ തയാറാവുകയെന്നത് സാമന്യ മര്യാദയില്‍പെട്ടതാണ്. എന്നാല്‍ ആ മര്യാദ നിരന്തരമായി ലംഘിക്കുന്നതിലൂടെ താനൊരു ജനപ്രതിനിധിയാവാന്‍ യോഗ്യനല്ലെന്നാണ് സുരേഷ് ഗോപി വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. സിനിമാ നടനെന്ന നിലയില്‍ തനിക്കു ലഭിച്ചുകൊണ്ടിരുന്ന പദവിയും പത്രാസും ഈ ഘട്ടത്തിലും മാധ്യമങ്ങളില്‍ നിന്ന് ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെങ്കില്‍ ഒരു ജനാധിപത്യവല്‍കത സമൂഹമെന്ന നിലയില്‍ കേരളത്തില്‍ നിന്ന് അതു പ്രതീക്ഷിക്കരുതെന്നു മാത്രമേ സ്വന്തം വിനയ പുരസ്സരം അദ്ദേഹത്തെ ഓര്‍മിപ്പിക്കാനുള്ളു.

പാര്‍ട്ടിക്കുപോലും നിരന്തരം തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതിലൂടെ രാഷ്ട്രീയ പ്രവേശനംവഴി ആഗ്രഹിച്ചതെന്തോ ലഭിക്കാത്തതിന്റെ നിരാശ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ടെന്ന് മലയാളികള്‍ ന്യായമായും സംശയിച്ചു പോവുകയാണ്. ബി.ജെ.പിയുടെ സംസ്ഥാന നേത്യ ത്വത്തിനുമാത്രമല്ല, കേന്ദ്ര നേതൃത്വത്തിനുപോലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പരാമര്‍ശങ്ങളും നിരവധി തവണ അലോസരം സൃഷ്ടിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. സിനിമാ അഭിനയത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട പരാമര്‍ശം ഒരുവേള മന്ത്രിസ്ഥാനം തിരിച്ചെടുക്കപ്പെടാന്‍ കാര ണമായേക്കുമെന്നുള്ള സൂചനകള്‍ വരെ പുറത്തുവന്നിരുന്നു. ഏതായാലും പാര്‍ലമെന്റ് അംഗമെന്ന നിലയിലും കേന്ദ്രമന്ത്രിയെന്ന നിലയിലും തന്റെ ഉത്തരവാദിത്തബോധം തിരിച്ചറിയാനും ചുമതലാബോധം പ്രകടിപ്പിക്കാനും അതിനനു സ്യതമായ പെരുമാറ്റം രൂപപ്പെടുത്തിയെടുക്കാനും സുരേഷ് ഗോപിക്ക് സാധിക്കേണ്ടതുണ്ട്.

 

webdesk17: