കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ഒറ്റ തന്ത’ വിളിയോട് പ്രതികരിക്കാതെ സംസ്ഥാന സർക്കാർ. സഭ്യമല്ലാത്ത ഭാഷയിൽ കേന്ദ്രമന്ത്രി സംസ്ഥാന സർക്കാറിനെ വെല്ലുവിളിച്ചിട്ടും സി.പി.എം നേതാക്കൾ പതിവില്ലാത്തവിധം ‘സംയമന’ത്തിലാണ്.
തൃശൂർപൂരം കലക്കിയതിന്റെ അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കാൻ ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കിൽ തയാറുണ്ടോ..? എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. ചേലക്കരയിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് യോഗത്തിൽ രണ്ടു ദിവസം മുമ്പാണ് സിനിമ സ്റ്റൈലിലുള്ള പ്രകടനം.
സംസ്ഥാനത്തെ കേസിൽ സി.ബി.ഐ അന്വേഷണം നിർദേശിക്കേണ്ടത് സംസ്ഥാന ആഭ്യന്തര വകുപ്പാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. ആ നിലയിൽ പിണറായി വിജയന് നേരെയാണ് കേന്ദ്രമന്ത്രി പരസ്യമായി ‘ഒറ്റ തന്ത’ പ്രയോഗം നടത്തിയത്.
എന്നിട്ടും പൊതുഇടത്തിൽ കേന്ദ്രമന്ത്രി പാലിക്കേണ്ട സഭ്യത ഓർമിപ്പിക്കുന്ന ഒരു പ്രതികരണം പോലും സി.പി.എം നേതാക്കളിൽനിന്നുണ്ടായില്ല. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനാകട്ടെ അങ്ങേയറ്റം മയത്തിലായിരുന്നു മറുപടി പറഞ്ഞത്.
സുരേഷ് ഗോപി പറയുന്നത് മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞൊഴിഞ്ഞു അദ്ദേഹം. അതേസമയം, വിഷയം ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ ആയുധമാക്കുകയാണ് കോൺഗ്രസ്. ഇത്തരമൊരു അവഹേളനം ഉണ്ടായിട്ട് സി.പി.എമ്മിലെ ഒരു മന്ത്രിയെങ്കിലും അതിനെതിരെ പ്രതികരിച്ചോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.