X

കലക്ടറെ പഠിപ്പിക്കണ്ട; സുരേഷ് ഗോപിയുടേത് ചട്ടലംഘനം തന്നെയെന്ന് ടിക്കാറാം മീണ

അയ്യപ്പനാമത്തില്‍ വോട്ട് തേടിയ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ നടപടി ശരിയെന്നും വ്യക്തമാക്കി. കളക്ടറുടെ നോട്ടീസിന് സുരേഷ് ഗോപി മറുപടി നല്‍കണമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം തേക്കിന്‍കാട് മൈതാനത്ത് നടന്ന എന്‍.ഡി.എ കണ്‍വന്‍ഷനില്‍ വച്ചാണ് സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. ശബരിമല വിഷയത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത്. അയ്യപ്പന്‍ വികാരമാണെങ്കില്‍ ഈ കിരാത സര്‍ക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ അയ്യപ്പന്റെ ഭക്തര്‍ നല്‍കും. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിപ്പിച്ചിരിക്കുമെന്നുമാണ് സുരേഷ് ഗോപി കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചത്.

ഈ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം കാണിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി.വി അനുപമ നോട്ടീസ് നല്‍കിയത്. മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരില്‍ വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. ഇതിനെതിരെ ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കളക്ടറുടേത് വിവരക്കേടാണെന്നും ആരൊക്കെ തടഞ്ഞാലും ശബരിമലയുടെ പേരില്‍ തന്നെ വോട്ട് ചോദിക്കുമെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി നടത്തിയത് ചട്ടലംഘനം തന്നെയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വ്യക്തമാക്കിയത്.

കളക്ടര്‍ സ്വന്തം ജോലിയാണ് ചെയ്തത്. അത് അവര്‍ക്ക് നന്നായി ചെയ്യാനറിയാം. അവരെ ചട്ടം പഠിപ്പിക്കേണ്ടതില്ല. നോട്ടീസയച്ചതിനെതിരെ കളക്ടര്‍ക്കെതിരെ സംസാരിച്ച സുരേഷ് ഗോപിയുടെ നടപടി കുറ്റകരമാണെന്നും മീണ പറഞ്ഞു

”ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. പക്ഷേ, ദൈവത്തിന്റെയും അയ്യപ്പന്റെയും പേരില്‍ വോട്ട് തേടുന്നത് ജനങ്ങളുടെ വികാരം വഷളാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. അത് വളരെ വ്യക്തമാണ്. മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണത്. അത് കൃത്യമായി ചട്ടത്തില്‍ പറഞ്ഞിട്ടുണ്ട്”, ടിക്കാറാം മീണ വ്യക്തമാക്കി.
കളക്ടര്‍മാരെ മാതൃകാപെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട കാര്യം രാഷ്ട്രീയപാര്‍ട്ടികള്‍ക്കില്ല. കളക്ടര്‍മാര്‍ക്ക് നന്നായി പെരുമാറ്റച്ചട്ടം അറിയാം, തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

chandrika: