X

മൂന്ന് മാസം കഴിഞ്ഞിട്ടും എം.പി ഓഫീസ് തുറക്കാതെ സുരേഷ് ഗോപി; സേവനം ലഭിക്കാതെ വലഞ്ഞ് ജനങ്ങള്‍

തൃശൂരില്‍ നിന്ന് വിജയിച്ച് 3 മാസമായിട്ടും എം.പി ഓഫീസ് തുറക്കാതെ സുരേഷ് ഗോപി. കേന്ദ്ര മന്ത്രി ആയതിനാല്‍ എപ്പോഴും മണ്ഡലത്തില്‍ വരാന്‍ സാധിക്കില്ലെന്നാണ് വാദം. എം.പിയോട് പറയാന്‍ ഉള്ളത് ബി.ജെ.പി ജില്ലാ പ്രസിഡന്റിനോട് പറഞ്ഞാല്‍ മതിയെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്.

അതെസമയം തങ്ങള്‍ക്ക് ഇങ്ങനെ ഒരു എം.പി ഇല്ലെന്ന നിലയിലാണ് ബി.ജെ.പി നേതൃത്വം പെരുമാറുന്നത്. തുടര്‍ന്ന് ബി.ജെ.പി നേതൃത്വവും സുരേഷ് ഗോപിയും തമ്മിലുള്ള പോരില്‍ വലഞ്ഞിരിക്കുകയാണ് ജനങ്ങള്‍. സുരേഷ്ഗോപി സ്ഥാനാര്‍ത്ഥിയായത് മുതല്‍ തുടങ്ങിയ ജില്ലാ നേതൃത്വവുമായുള്ള ഏറ്റുമുട്ടല്‍ പ്രതി ദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എം.പി ഓഫീസ് കൃത്യമായി പ്രവര്‍ത്തിക്കാത്തതിനാല്‍ പരാതികളും അപേക്ഷകളും നല്‍കാന്‍ ഇടമില്ലാതിരിക്കുകയാണ്.

വല്ലപ്പോഴും പരിപാടികളില്‍ വരുമ്പോള്‍ മാത്രമാണ് പരാതികളും നിവേദനങ്ങളും നല്‍്കാന്‍ കഴിയുന്നതെന്ന് ജനങ്ങള്‍ പരാതിപ്പെട്ടു. എന്നാല്‍ വിരലിലെണ്ണാവുന്ന പരിപാടികളില്‍ മാത്രമാണ് എം.പി മണ്ഡലത്തില്‍ എത്തിയിട്ടുള്ളത്. ജൂലൈ മാസം ആദ്യം തൃശ്ശൂര്‍ മണ്ഡലത്തിന് കീഴിലുള്ള ഭൂരിപക്ഷം പ്രദേശങ്ങളും മഴക്കെടുതിയില്‍ ബുദ്ധിമുട്ടിയപ്പോള്‍ പോലും എം.പി അങ്ങോട്ടെത്തിയില്ലെന്ന വിമര്‍ശനവും സുരേഷ് ഗോപിക്കെതിരെ ഉയരുന്നുണ്ട്.

കൂടാതെ ഓഗസ്റ്റ് 15 ണ് നഗരത്തിലെ ഹയാത്ത് ഹോട്ടലില്‍ ഉണ്ടായിരുന്ന എം.പി തേക്കിന്‍ കാട് മൈതാനത്ത് നടന്ന സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിന പരിപാടിയിലും പങ്കെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജന പ്രതിനിധിക്ക് യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിനിധികളെ അയക്കും എന്നാല്‍ സുപ്രധാന യോഗങ്ങളില്‍ പകരം ഒരു പ്രതിനിധിയെ പോലും സുരേഷ് ഗോപി അയച്ചില്ലെന്ന വിമര്‍ശനവും രൂക്ഷമാണ്.

webdesk13: