കൊച്ചി: വിവാദങ്ങള്‍ക്കു ശേഷം സുരേഷ് ഗോപിയുടെ 250-ാം ചിത്രം വാര്‍ത്തകളില്‍ നിറയുന്നു. പൃഥ്വിരാജും സുരേഷ് ഗോപിയും തമ്മിലുള്ള തിരക്കഥാ തര്‍ക്കങ്ങളും അതിനുശേഷം ഇരുസിനിമകളും കോടതി കയറിയതിന് പിന്നാലെ കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വിരാജ് തന്നെ എത്തുമെന്ന് കടുവയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ തിരക്കഥയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. 250ാം ചിത്രവുമായി ബന്ധപ്പെട്ട് വലിയൊരു പ്രഖ്യാപനം വരുന്നുണ്ടെന്നും ഫേയ്‌സ്ബുക്കിലൂടെ താരം വ്യക്തമാക്കി. എന്നാല്‍ പ്രഖ്യാപനത്തില്‍ പൃഥ്വിരാജ് ഇല്ലെന്നതാണ് പുതിയ വിവാദം.
ഇന്നലെ വൈകുന്നേരമാണ് മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെ നിരവധി താരങ്ങളള്‍ പങ്കെടുത്തെങ്കിലും പൃഥ്വിരാജ് ഉണ്ടായിരുന്നില്ല. നേരത്തെ തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി ചിത്രം പകര്‍പ്പവകാശം ലംഘിച്ചെന്ന ആരോപണവുമായി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ‘കടുവ’യുടെ പ്രമേയമോ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് മറ്റൊരു സിനിമ നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് ജില്ലാകോടതിയും പിന്നാലെ ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു. സുരേഷ് ഗോപിയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലാണ് 250ാം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. പോസ്റ്ററും കഥാപാത്രത്തിന്റെ പേരും സാമ്യമായതോടെയാണ് ജിനു എബ്രഹാം കോടതിയെ സമീപിച്ചത്.