X
    Categories: More

ഔചിത്യബോധമില്ലാതെ സുരേന്ദ്രന്റെ ‘ജയലളിത’ പോസ്റ്റ്; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ രാജ്യം അനുശോചിക്കുമ്പോള്‍, മരണവാര്‍ത്ത സ്ഥിരീകരിക്കുന്നതിനും മണിക്കൂറുകള്‍ മുമ്പ് ‘ജലയളിതക്കു ശേഷമുള്ള തമിഴ്‌നാടിന്റെ ഭാവി’ പ്രവചിച്ച ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല. മരണം സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ ജയലളിത ചികിത്സയിലായിരുന്ന ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍ നിഷേധിച്ചതിനു പിന്നാലെയാണ് കേട്ടുകേള്‍വികളുടെ ചുവടുപിടിച്ച് സുരേന്ദ്രന്‍ ഔചിത്യ ബോധമില്ലാത്ത പോസ്റ്റിട്ടത്.

‘ജയലളിതായുഗം അവസാനിക്കുന്നതോടെ…’ എന്നു തുടങ്ങുന്ന പോസ്റ്റില്‍ ദ്രാവിഡ രാഷ്ട്രീയത്തെയും പ്രാദേശിക രാഷ്ട്രീയത്തെയും വിമര്‍ശന വിധേയമാക്കുകയും പനീര്‍ ശെല്‍വത്തിനു കീഴില്‍ അണ്ണാ ഡി.എം.കെക്ക് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും അഭിപ്രായപ്പെടുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

‘ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരുപാട് മാററങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്രെ മുഖ്യധാരയിലേക്ക് കടന്നുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. പനീര്‍ശെല്‍വത്തിന്രെ കീഴില്‍ വളരെയൊന്നും മുന്നോട്ട് പോകാന്‍ എ. ഐ. ഡി. എം. കെ ക്കു കഴിയില്ല. ഏതായാലും നമുക്ക് കാത്തിരുന്നു കാണാം.’

എന്നാല്‍, ഒരു രാഷ്ട്രീയ നേതാവ് മരണാസന്നയായി കിടക്കുമ്പോള്‍ അവരുടെ മരണത്തിനു ശേഷം എന്തുണ്ടാകുമെന്ന നിലവാരം കുറഞ്ഞ പോസ്റ്റ് രൂക്ഷ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. പോസ്റ്റിന് കമന്റ് ചെയ്ത 4500-ലധികം പേരില്‍ സിംഹഭാഗവും സുരേന്ദ്രനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സംഘപരിവാര്‍ അനുകൂലികള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയവരും സുരേന്ദ്രനെ വിമര്‍ശിക്കാന്‍ മടികാണിച്ചില്ല. പതിവു പോലെ സുരേന്ദ്രന്റെ പോസ്റ്റ് ട്രോള്‍ പേജുകള്‍ക്ക് ചാകരയായി.

അതേസമയം, തന്റെ പോസ്റ്റ് പിന്‍വലിക്കാതെ നിലപാട് ന്യായീകരിച്ചു കൊണ്ട് സുരേന്ദ്രന്‍ ഇന്ന് മറ്റൊരു പോസ്റ്റ് കൂടി ഇട്ടു.

ജയലളിതയെ ഏറ്റവും സത്യസന്ധമായി വിലയിരുത്തുകയാണ് താന്‍ ചെയ്തതെന്നും എല്ലാവരും നാളെ പറയുന്നത് ഇന്നലെ പറയാനാണ് തനിക്ക് താല്‍പര്യമെന്നും സുരേന്ദ്രന്‍ ഇന്ന് രാവിലെ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ പോസ്റ്റിനു കീഴിലും പൊങ്കാല തുടരുന്നുണ്ട്.

chandrika: