കോഴിക്കോട് : മലപ്പുറത്ത് നോമ്പ് കാലത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്ത് വിടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ദിവസവും നുണ പ്രചാരണത്തിൽ ഗവേഷണം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. ലൗ ജിഹാദ്, ഹലാൽ വിവാദം തുടങ്ങിയ വിഷയങ്ങളിൽ പറഞ്ഞ നുണകൾ ആവർത്തിക്കുകയാണ് സുരേന്ദ്രൻ. നൂറ് നുണകൾ ആവർത്തിക്കുമ്പോൾ സത്യമാകും എന്ന തത്വത്തെയാണ് ഇദ്ദേഹം ആശ്രയിക്കുന്നത്. രാമനാട്ടുകര മുതൽ എടപ്പാൾ വരെ നോമ്പ് കാലത്ത് യാത്ര ചെയ്യാൻ സുരേന്ദ്രൻ തയ്യാറായാൽ കൂടെ യൂത്ത് ലീഗും ഉണ്ടാവും.
കച്ചവടമില്ലാത്ത സ്ഥലങ്ങളിൽ നോമ്പ് കാലത്ത് ഹോട്ടലുകൾ അടച്ചിടും. ഇത് കച്ചവടത്തിൽ സ്വാഭാവികമാണ്. എന്നാൽ ഇത്തരം വെറുപ്പ് പ്രചരിപ്പിക്കുന്ന വ്യക്തികളോട് സർക്കാർ സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാർഹമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ ഉദ്യോഗസ്ഥ തലത്തിൽ സാമുദായിക പ്രാതിനിധ്യത്തിൽ മുസ്‌ലിംകൾ അനർഹമായി നേടിയിട്ടുണ്ടെന്നാണ് സുരേന്ദ്രൻ്റെ മറ്റൊരു കണ്ടെത്തൽ. ആധികാരിക പഠന രേഖയായ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഏഴായിരത്തിലേറെ തസ്തികകൾ മുസ്‌ലിംകൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഒന്നാമത്തെ നഷ്ടം മുസ്‌ലിം വിഭാഗത്തിനും രണ്ടാമത്തെ നഷ്ടം ലത്തീൻ കത്തോലിക്ക വിഭാഗത്തിനുമാണ്. വസ്തുത ഇതായിരിക്കെ പിന്നോക്ക സംവരണം മുസ്‌ലിം സമുദായം കയ്യടക്കി എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്.?
ഇതിനെല്ലാം പരിഹാരമായ ജാതി സെൻസൻസ് നടത്താൻ ബി.ജെ.പി തയ്യാറുണ്ടോ എന്നും ഫിറോസ് ചോദിച്ചു. യഥാർത്ഥത്തിൽ അധ്യക്ഷസ്ഥാനം നഷ്ടപ്പെട്ട സുരേന്ദ്രൻ ബി.ജെ.പിക്ക് വെച്ച കെണിയാണിത്. ഒരു മുസ്‌ലിം എം.പിയെ പോലും പാർലമെൻ്റിലേക്ക് പറഞ്ഞയക്കാത്ത ബി.ജെ.പിയാണ് മുസ്‌ലിംകൾക്ക് മുസ്‌ലിം ലീഗ് വാരിക്കോരി നൽകുന്നു എന്ന് പറയുന്നത്. 27 ശതമാനം മുസ്‌ലിംകൾ ഉള്ള കേരളത്തിൽ 14 ശതമാനം മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്‌ലിം പ്രാതിനിധ്യം. അർഹത പെട്ടത് പോലും മുസ്‌ലിം വിഭാഗത്തിന് ഇല്ലെന്നിരിക്കെ കണക്ക് വെച്ച് സംസാരിക്കാൻ സുരേന്ദ്രനെ വെല്ലുവിളിക്കുന്നുവെന്നും ഫിറോസ് വ്യക്തമാക്കി.