X

ഉത്തരേന്ത്യയിലെ ചിത്രം കാണിച്ച് തൃശൂരിൽ പ്രചാരണം കൊഴുക്കുന്നു എന്ന് സുരേന്ദ്രൻ; പിന്നാലെ പോസ്റ്റ്‌ പിന്‍വലിച്ചു

തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു എന്ന് അവകാശപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഉത്തരേന്ത്യയില്‍ നിന്നുള്ള ചിത്രം. അബദ്ധം തിരിച്ചറിഞ്ഞതിന് പിന്നാലെ ചിത്രം ഡിലീറ്റ് ചെയ്തു. എന്നാല്‍ അതിന് മുമ്പ് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം വൈറലായി മാറിയിരുന്നു.

‘കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ആവേശത്തോടെ. തൃശൂരില്‍ ശ്രീ. സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു’ എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രത്തില്‍ ബി.ജെ.പി പതാക കൈയില്‍ പിടിച്ച പ്രായമായ സ്ത്രീയും ഒരു ബാലികയുമാണ് ഉള്ളത്. ചിത്രം ഒറ്റനോട്ടത്തില്‍ തന്നെ ഉത്തരേന്ത്യയില്‍ നിന്നുള്ളതാണെന്ന് വ്യക്തമാണ്.

ചിത്രം ഡിലീറ്റ് ചെയ്‌തെങ്കിലും ഉള്ളടക്കം ലഭ്യമല്ല എന്നെഴുതിക്കാണിച്ച് പോസ്റ്റ് ഇപ്പോഴും സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലുണ്ട്. ‘ഒറിജിനല്‍ പോലെയുണ്ട്, ഈ പോസ്റ്റ് കണ്ടാല്‍ മലയാളികള്‍ മുഴുവന്‍ താമരക്ക് കുത്തും, 20/20 സീറ്റും ബി.ജെ.പിക്ക് തന്നെ കിട്ടും,’ മലയാളീസ് ഒണ്‍ലി എന്ന പേജ് പരിഹസിച്ചുകൊണ്ട് കമന്റ് ചെയ്തു.

നേരത്തെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പദയാത്രയില്‍ കേന്ദ്ര സര്‍ക്കാര്‍ അഴിമതിക്ക് പേരുകേട്ടവരാണെന്ന ഗാനം പ്ലേ ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സംസ്ഥാന ഐ.ടി സെല്‍ കണ്‍വീനര്‍ എസ്. ജയശങ്കറും സുരേന്ദ്രനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗാനത്തിലെ പിഴവ് ഐ.ടി സെല്‍ മനപൂര്‍വം വരുത്തിയതാണെന്നായിരിന്നു സംസ്ഥാന നേതൃത്വം ആരോപിച്ചത്.

 

webdesk13: