X

സൂറത്തില്‍ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ട്യൂഷന്‍ സെന്ററില്‍ വന്‍ അഗ്നിബാധ; 20 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

ഗുജറാത്തിലെ സൂറത്തില്‍ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ 20 വിദ്യാര്‍ഥികള്‍ മരിച്ചു. അപകടത്തില്‍ പതിനാലിനും 17 നും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്. സൂറത്തിലെ തക്ഷശില കോംപ്ലക്സിലെ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്. ഒമ്പതാം ക്ലാസ് മുതല്‍ 12 ാം ക്ലാസുവരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ബോര്‍ഡ് പരീക്ഷയ്ക്കായി പരിശീലനം നടത്തിവരികയായിരുന്ന ട്യൂഷന്‍ സെന്റെറിലെ കുട്ടികളാണ് തീപിടിത്തത്തിന് ഇരയായത്. അപകടത്തെ തുടര്‍ന്ന് ട്യൂഷന്‍ സെന്റര്‍ ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.

തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കുട്ടികള്‍ പലരും ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയുടെ മുകളില്‍നിന്ന് താഴേക്കു ചാടി. ഇത്തരത്തില്‍ രക്ഷപെടാന്‍ ചാടിയവരാണ് മരിച്ചവരില്‍ ഭൂരിപക്ഷവും. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് വിദ്യാര്‍ഥികള്‍ പലരും താഴേക്കു ചാടുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ദൃശ്യമാണ്. തക്ഷശില കോംപ്ലക്സിലെ ബഹുനില കെട്ടിടത്തിന്റെ മൂന്നും നാലും നിലകളില്‍ ആണ് തീപിടിത്തമുണ്ടായത്.

chandrika: