മുഴപ്പിലങ്ങാട് ബി ജെ പി പ്രവര്‍ത്തകന്‍ സൂരജ് വധ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരെ കുറ്റവാളികളായി പാര്‍ട്ടി കാണുന്നില്ലെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നേരത്തെ 10 പ്രതികളുണ്ടായിരുന്ന കേസില്‍ ഒരാളെ വെറുതെ വിട്ടിരുന്നു.
ബാക്കി ഒന്‍പതില്‍ എട്ടു പേരെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോവുമെന്നും ജയരാജന്‍ അറിയിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പാര്‍ട്ടിയുടെ മുന്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രഭാകരന്‍ മാസ്റ്റര്‍. നിരപരാധിയായ മുന്‍ ഏരിയാ സെകട്ടറി ടി.പി രവീന്ദ്രനെയും കേസില്‍ പ്രതിയാക്കിയില്ലേ. അദ്ദേഹം വിചാരണ വേളയില്‍ മരിച്ചിരുന്നു.
അല്ലെങ്കില്‍ അദ്ദേഹവും ജയില്‍ പോവേണ്ടി വന്നേനെ. ഇവരൊക്കെ പ്രതികളാണെന്ന് പറഞ്ഞാല്‍ ജനം മൂക്കത്ത് വിരല്‍ വച്ച് ചിരിച്ചു തള്ളും” ജയരാജന്‍ പറഞ്ഞു. കീഴ്‌കോടതിയുടെ വിധി അന്തിമമല്ല. ഇപ്പോള്‍ ശിക്ഷിക്കപെട്ടവരെ രക്ഷിച്ചെടുക്കാന്‍ നിയമത്തിന്റെ ഏതൊക്കെ വഴി ഉപയോഗിക്കാന്‍ സാധിക്കുമോ അതൊക്കെ ഉപയോഗിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു.
സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ 2005 ഓഗസ്റ്റ് ഏഴിന് രാവിലെ എട്ടര മണിയോടെ മുഴപ്പിലങ്ങാട് ടെലിഫോണ്‍ ഭവന് സമീപത്തു വെച്ച് കൊലപ്പെടുത്തിയ കേസിലാണ് എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ചത്.
പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റത്തിന് പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയുമാണ് തലശ്ശേരി സെഷന്‍സ് കോടതി വിധിച്ചത്. നഷ്ടപരിഹാര തുക സൂരജിന്റെ അമ്മയ്ക്ക് നല്‍കണമെന്ന് തലശ്ശേരി സെഷന്‍സ് ജഡ്ജി നിസാര്‍ അഹമ്മദിന്റെ വിധി ന്യായത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ശിക്ഷാവിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. സൂരജിന്റെ അമ്മയ്ക്ക് നഷ്ടപരിഹാര തുക നല്‍കിയില്ലായെങ്കില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. പി പ്രേമരാജനാണ് ഹാജരായത്.