കോഴിക്കോട്ടുകാരുടെയും നാടകക്കാരുടെയും സെറ്റിലെത്തിയാല്‍ പിന്നെ മടുപ്പില്ലെന്ന് ഈ ദേശീയ പുരസ്‌കാരത്തിന്റെ പെരുമയിലും ആവര്‍ത്തിക്കാന്‍ മടിയില്ലെന്നതാണ് കോഴിക്കോട് നരിക്കുനി ആണ്ടി-രാധ ദമ്പതികളുടെ പുത്രി സുരഭി ലക്ഷ്മിയെ കൂടുതല്‍ ശ്രദ്ധേയയാക്കുന്നത്. മിന്നാമിനുങ്ങ് എന്ന സിനിമയിലെ മകളെ സ്‌നേഹിക്കുന്ന വിധവയായ അമ്മയെ അവതരിപ്പിച്ചതിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശം തന്നെ വിശ്വസിക്കാന്‍ മടിച്ച സുരഭി ദേശീയ തലത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ പുരസ്‌കാരത്തിന്റെ വലിപ്പം വക വെച്ചുകൊടുക്കേണ്ടിവരുന്നു. മോഹന്‍ലാലിന് പ്രിയദര്‍ശന്റെ സമ്മാനം പോലും പൊറുക്കേണ്ടിവരുന്നു.
നരിക്കുനിയില്‍ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി അവതിപ്പിക്കപ്പെട്ട സംഗീത നാടകങ്ങളാണ് തന്റെ മനസ്സിലെ അഭിനയത്തെ ഉണര്‍ത്തിയതെന്ന് സുരഭി പറയും. പക്ക മേളക്കാര്‍ക്ക് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സമ്മാനം നഷ്ടപ്പെട്ടതും സുരഭിയില്‍ വാശി ഉണ്ടാക്കിയിട്ടേയുള്ളൂ. കാലടി സര്‍വകലാശാലയില്‍ ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ജയിച്ച സുരഭി തിയറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം ഗവേഷണത്തിലാണ്. കോളജ് പഠന കാലത്ത് ജയപ്രകാശ് കുളൂരിന്റെ കണ്ണാടിയിലെ അഭിനയത്തിലൂടെയാണ് നാടകത്തിലേക്ക് കടക്കുന്നത്. തിരുവനന്തപുരം അഭിനയയുടെ നാടകങ്ങളില്‍ സജീവമായി. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഇരകളോട് മാത്രം സംസാരിക്കരുത് എന്ന നാടകത്തില്‍ തമിഴ് യുവതിയെ അവതരിപ്പിച്ച സുരഭി സംസ്ഥാനത്തുടനീളം കൈയടി നേടിയിരുന്നു. 2010ലും 2016ലും സംഗീത നാടക അക്കാദമിയുടെ മികച്ച നാടക നടിക്കുള്ള പുരസ്‌കാരം ലഭിച്ചെങ്കിലും സിനിമയും സീരിയലുമാണ് സുരഭിയെ ജനപ്രിയയാക്കിയത്. യക്ഷികളും നാട്ടുവര്‍ത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു 2010ലെ പുരസ്‌കാരമെങ്കില്‍ ബോംബെ ടെയിലേഴ്‌സിനായിരുന്നു 2016ലേത്.
മഴവില്‍ മനോരമയിലെ ഒരു കഥയിലെ രാജകുമാരിയിലൂടെ സീരിയല്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ സുരഭി കോഴിക്കോട്ടെയും മലപ്പുറത്തെയും ടിവി പ്രേക്ഷകരുടെ ഹരമായി മാറിയത് മീഡിയ വണ്ണിലെ എം.80 മൂസയിലൂടെയാണ്. അതിലെ പാത്തു എന്ന കഥാപാത്രം പേരും പെരുമയും നേടിക്കൊടുത്തെങ്കിലും സുരഭിയുടെ ശ്രദ്ധ സിനിമയില്‍ തന്നെയായിരുന്നു. 2005ലാണ് ആദ്യത്തെ സിനിമ. ബൈ ദി പീപ്പിള്‍. തുടര്‍ന്ന് തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, ഗുല്‍മോഹര്‍, പുതിയ മുഖം, അയാളും ഞാനും തമ്മില്‍, തത്സമയം പെണ്‍കുട്ടി, ഏഴു സുന്ദര രാത്രികള്‍, ഞാന്‍ സ്റ്റീവ് ലോപസ് തുടങ്ങി 37 ചിത്രങ്ങള്‍. ചെറിയ വേഷങ്ങളില്‍ പോലും സുരഭി തന്റെ സാന്നിധ്യം എടുത്തുകാട്ടി.
എന്താ സിനിമയില്‍ കാണുന്നില്ലല്ലോ, സെലക്ടീവാകുകയാണോ എന്ന് ചോദിക്കുന്നവരോട് അല്ലല്ല, അവസരങ്ങള്‍ കിട്ടാഞ്ഞിട്ടാണ് എന്നു മറുപടി പറയാന്‍ സുരഭിക്ക് മടിയില്ല. നാടക ചലച്ചിത്ര നടിയായ ശേഷവും നാട്ടിലെത്തിയാല്‍ തനി നാട്ടുകാരിയാവുന്ന സുരഭി തന്റേടത്തെ കുറിച്ച് ഒരിക്കല്‍ വിവരിച്ചത് ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസിന്റെ ബെല്‍ തന്നെ അറുത്തിട്ട കഥയാണ്. രണ്ടു വര്‍ഷം മുമ്പായിരുന്നു, യാദൃഛികമായി സുരഭിയുടെ കല്യാണം. ഓടും രാജ ആടും റാണി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് വിപിന്‍ സുധാകര്‍ എന്ന ക്യാമറാമാനെ കാണുന്നത്. മൂപ്പര് കല്യാണം ആലോയിച്ച്. പത്തൂസം കൊണ്ട് കല്യാണോം നടന്ന്. ലവ്വിനൊന്നും സമയം കിട്ടീലാന്ന് സുരഭി പറയും.
‘ചലച്ചിത്രം മോഹമായി കൊണ്ടു നടക്കുമ്പോഴും നാടകത്തിലെ ആത്മാവിഷ്‌കാരം സിനിമയില്‍ ലഭിക്കില്ലെന്ന പക്ഷക്കാരിയാണ് സുരഭി. നാടകത്തിലാവുമ്പോള്‍ വിവിധ വികാരങ്ങളിലൂടെ കടന്നു പോകുന്ന നടീനടന്മാര്‍ സവിശേഷ അനുഭൂതി നേടുന്നു. ഓരോ നാടകവും കെട്ടിപ്പൊക്കുന്നത് അതിലെ ഓരോ നടീനടന്മാരും അറിഞ്ഞാണ്. സിനിമയിലങ്ങനെയല്ല. സിനിമ തിയറ്ററിലെത്തുമ്പോഴാവും അഭിനേതാക്കള്‍ പോലും കഥയറിയുന്നത്. പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങിലെ കാര്യം അങ്ങനെയായിരുന്നില്ല. തിരക്കഥ വായിക്കാന്‍ കൊടുത്ത ശേഷമാണ് അഭിനയിക്കാന്‍ സമ്മതം ചോദിച്ചത്. പഠിത്തത്തിനും അഭിനയത്തിനുമായി കഴിഞ്ഞുവന്നത് എറണാകുളത്തും തിരുവനന്തപുരത്തുമായിരുന്നെങ്കിലും ഏതെങ്കിലും കോഴിക്കോട്ടുകാരെ കണ്ടാല്‍ ഭാഷ മാറും. അങ്ങനെയൊരു വര്‍ത്താനത്തിലൊരിക്കല്‍ വിനോദ് കോവൂര്‍ പറഞ്ഞു, നമുക്കൊരു പ്രോഗ്രാം ചെയ്യണമെന്ന്. അത് ഒത്തുവന്നത് മീഡിയവണ്ണിന്റെ എം.80 മൂസയിലാണ്. കോഴിക്കോടന്‍ ഭാഷയാണ് ആ പരിപാടിയെ ഹിറ്റാക്കിയത്. മിന്നാമിനുങ്ങിലെത്തിയപ്പോള്‍ വേണ്ടത് തിരുവനന്തപുരം സ്ലാങ്. ഒട്ടേറെ പേര്‍ സഹായിച്ചാണ് അത് ഒപ്പിച്ചെടുത്തതെന്ന് സുരഭി ഓര്‍ക്കുന്നു.
ബൈദി പീപ്പിള്‍ എന്ന സിനിമയിലേക്ക് അവസരം ലഭിച്ചത് മറ്റൊരു യാദൃഛികതയാണ്. സംസ്ഥാന വി.എച്ച്.എസ്.ഇ കലോത്സവത്തില്‍ ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ പങ്കെടുക്കണം. പക്കമേളക്കാര്‍ക്ക് കൊടുക്കാന്‍ പണമില്ല. പക്കമേളക്കാരില്ലാത്തതിനാല്‍ മൂന്നാമതാകാനേ കഴിഞ്ഞുള്ളൂ. അക്കാര്യം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞപ്പോള്‍ അവരത് വാര്‍ത്തയാക്കി. ഇതു കണ്ട സംവിധായകന്‍ ജയരാജ് ബൈദി പീപ്പിളില്‍ അവസരം നല്‍കി. മൂന്നര വയസ്സില്‍ നേരത്തെ താമസിച്ച എളേറ്റില്‍ വട്ടോളിയിലെ ഒരു കലാസമിതി വാര്‍ഷിക പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ സ്റ്റേജില്‍ കയറ്റിയത് അച്ഛന്‍ തന്നെയാണ്. പിന്നെ കുട്ടികളുടെ നാടകങ്ങളില്‍ കൃഷ്ണന്‍ മുതല്‍ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വേദന തിന്നുന്ന വിധവയായ അമ്മയെ അവതരിപ്പിക്കാന്‍ സുരഭിക്ക് കരുത്തേകിയത് നാട്ടിന്‍പുറത്തെ ജീവിതാനുഭവങ്ങള്‍ തന്നെ.