X

എല്ലാ വിശ്വാസങ്ങളെയും ഭരണകൂടം തുല്യമായി കാണണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ഭരണകൂടം തുല്യമായി കണക്കാക്കണമെന്ന് സുപ്രീംകോടതി. 2002ലെ കലാപത്തില്‍ കേടുപാടുകള്‍ സംഭവിച്ച ആരാധനാലയങ്ങള്‍് ഗുജറാത്ത് സര്‍ക്കാര്‍ നന്നാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഗുജറാത്ത് കലാപത്തില്‍ കേടുപാടുകള്‍ സംഭവിച്ച പള്ളികള്‍, ദര്‍ഗകള്‍, ശ്മശാനങ്ങള്‍, മറ്റു മതസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീം കോടതി ഉത്തരവ്.

ഹൈക്കോടതി വിധി പ്രകാരം നാശനഷ്ടങ്ങളുണ്ടായ മതസ്ഥാപനങ്ങള്‍ക്ക് അമ്പതിനായിരം രൂപ സാമ്പത്തിക സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് അംഗീകരിച്ചു. ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വീടുകള്‍ക്കും ഇത്തരത്തില്‍ സഹായം ലഭിക്കും.

ആരാധനാലയങ്ങള്‍ സംരക്ഷിക്കേണ്ടത് മതേതരത്വത്തിന്റെ അവിഭാജ്യ ഘടമാണ്. വ്യക്തിയുടെ സ്വാതന്ത്ര്യം ആദരിക്കപ്പെടേണ്ടതുണ്ട്. പരസ്പര സഹകണവും ഉണ്ടായിരിക്കണം- കോടതി പറഞ്ഞു.
ഇസ്‌ലാമിക് റിലീഫ് കമ്മിറ്റി ഓഫ് ഗുജറാത്ത് എന്ന സംഘടന സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധി. നഷ്ടപരിഹാരം ലഭിക്കേണ്ട സ്ഥാപനങ്ങളുടെ അപേക്ഷ സ്വീകരിക്കാന്‍ 26 ജില്ലാ ജഡ്ജിമാരോടും കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ ഗുജറാത്ത് സര്‍ക്കാറാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

chandrika: