ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ആദ്യദിവസത്തെ വാദം പൂര്‍ത്തിയായി. ആധാര്‍ വിവരങ്ങള്‍ തിരിച്ചറിയലിനുവേണ്ടി മാത്രമാണോയെന്ന് കോടതി ചോദിച്ചു.
മറ്റെന്തെങ്കിലും ആവശ്യത്തിന് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുമോ? ആധാര്‍ സുരക്ഷിതമാണോയെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. ക്ഷേമ പദ്ധതികളുടെ ചോര്‍ച്ച തടയാന്‍ ബയോമെട്രിക് വിവരങ്ങള്‍ അനിവാര്യമാണെന്ന് പറയാനാകാത്തത് എന്ത് കൊണ്ടാണ്? പൊതുജന താത്പര്യാര്‍ഥമാണെന്ന് പറഞ്ഞ് ബയോ മെട്രിക് പരിശോധനക്ക് നിര്‍ബന്ധിക്കാന്‍ സര്‍ക്കാറിനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ആധാര്‍ ഓരോ പൗരന്റേയും സ്വകാര്യത ലംഘിക്കുന്നതാണെന്നും ജനങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. രാജ്യത്തെ പൂര്‍ണ്ണമായും നിരീക്ഷണ വലയത്തിലാക്കുന്ന വമ്പന്‍ ഇലക്ട്രോണിക് വലയാണ് ആധാറെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ട്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയവക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ 17 മുതല്‍ വിശദമായ വാദം ആരംഭിച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.