ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദ്‌നിയുടെ കേരള യാത്ര സംബന്ധിച്ച സുരക്ഷാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ വെട്ടിക്കുറച്ചു. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് യാത്രാചെലവ് 1,18000 രൂപയായാണ് വെട്ടിചുരുക്കിയത്. നേരത്തെ 14,80000 രൂപ നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് നല്‍കാനാവില്ലെന്ന് അറിയിച്ച് മഅദ്‌നി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. യാത്രാ ചെലവ് സംബന്ധിച്ച് സുപ്രീകോടതി രൂക്ഷമായി വിമര്‍ശിച്ചതോടെയാണ് കര്‍ണാടക ഒന്നേകാല്‍ ലക്ഷമായി വെട്ടിചുരുക്കിയത്. ഭീമമായ തുക ഈടാക്കാനുള്ള ശ്രമം തടഞ്ഞ സുപ്രീംകോടതി മഅദ്‌നിക്ക് നാലു ദിവസം കൂടി കേരളത്തില്‍ തുടരാനും അനുമതി നല്‍കി. യാത്ര അനിശ്വിതത്വത്തിലായതോടെ നഷ്ടപ്പെട്ട നാലു ദിവസത്തിനു പകരമായാണ് അധിക ദിവസം കോടതി അനുവദിച്ചത്. ഇതു പ്രകാരം ഈ മാസം ആറിന് കേരളത്തിലെത്തുന്ന മഅദ്‌നിക്ക് 19 വരെ സ്വദേശത്ത് തങ്ങാനാകും. നേരത്തെ ആഗസ്ത് ഒന്നു മുതല്‍ 14 വരെയാണ് കോടതി ജാമ്യാവ്യവസ്ഥയില്‍ ഇളവ് നല്‍കിയിരുന്നത്.