ന്യൂഡല്‍ഹി: അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍. ജഡ്ജിമാര്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന തര്‍ക്കം കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ബാര്‍ കൗണ്‍സിലിനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച്ച കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ്തന്നെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. സുപ്രീംകോടതി ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇന്ന് സമവായശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചെലമേശ്വറുമായി ബാര്‍ കൗണ്‍സില്‍ സമിതി കൂടിക്കാഴ്ച്ച നടത്തി.
ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് ഇന്നലെ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞിരുന്നു. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചത്. അത് ഫലം കണ്ടെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. രാഷ്ട്രപതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പുറത്തുനിന്നുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. സാങ്കേതികമായി രാഷ്ട്രപതിക്ക് പ്രശ്‌നത്തില്‍ ഇടപെടാനാകില്ല. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം മാത്രമാണ് രാഷ്ടപതിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.