ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ എന്തിനാണ് കേസെടുക്കുന്നതെന്ന വിമര്‍ശനവുമായി സുപ്രീംകോടതി. ഇത്തരത്തിലുള്ള നടപടി ഭീഷണിയാണെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് രൂക്ഷവിമര്‍ശനം നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഡല്‍ഹിയിലുള്ള യുവതിയെ ചോദ്യം ചെയ്തതിലാണ് കോടതി വിമര്‍ശിച്ചത്.
പൊലീസ് പരിധി ലംഘിക്കുകയാണ്. രാജ്യത്തെ സ്വതന്ത്രമായി നിലനിര്‍ത്തണം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് കൊല്‍ക്കത്ത പൊലീസ്, ഡല്‍ഹിയിലുള്ള ഒരു യുവതിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള ഹര്‍ജിയിലാണ് പൊലീസ് നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചത്.
നിങ്ങളെ ഒരു പാഠം പഠിപ്പിക്കാം എന്ന നിലയിലാണ് പൊലീസിന്റെ പെരുമാറ്റം. മഹാമാരി തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്ന് വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാനാകില്ല. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.