ന്യൂഡല്‍ഹി: ഇന്ന് മുതല്‍ സുപ്രീംകോടതി പരീക്ഷണാടിസ്ഥാനത്തില്‍ ഭാഗികമായി തുറക്കും. ചീഫ് ജസ്റ്റിസ് കോടതി, രണ്ടാമത്തെയും മൂന്നാമത്തെയും കോടതിമുറികള്‍ എന്നിവയാണ് തുറക്കുന്നത്. 14 ദിവസത്തേക്കാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നത്. അതിനുശേഷം സാഹചര്യങ്ങള്‍ പരിശോധിച്ചാകും മറ്റ് കോടതികള്‍ കൂടി തുറക്കുന്നകാര്യം തീരുമാനിക്കുക. ഇപ്പോള്‍ തുറക്കുന്ന കോടതികളില്‍ വാദം കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിക്കും. മറ്റ് കേസുകള്‍ വീഡിയോ കോണ്‍ഫേറന്‍സിംഗ് വഴി തന്നെ തുടരും.
അതേസമയം കോടതി അലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള ശിക്ഷ ഇന്ന് സുപ്രീംകോടതി തീരുമാനിച്ചേക്കും. ശിക്ഷയിന്മേല്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതി വാദം കേള്‍ക്കും. കോടതി അലക്ഷ്യത്തിന് പരമാവധി ആറുമാസത്തെ ശിക്ഷയാണ് നല്‍കാനാവുക. പരമാവധി ശിക്ഷ നല്‍കാനാണ് തീരുമാനമെങ്കില്‍ പ്രശാന്ത് ഭൂഷണ് ആറുമാസം ജയിലില്‍ പോകേണ്ടിവരും.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേക്കെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തല്‍. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതി അലക്ഷ്യം ചെയ്തുവെന്നാണ് സുപ്രീംകോടതി കഴിഞ്ഞ 14ന് വിധിച്ചത്.