ന്യൂഡല്‍ഹി: ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതിയെ വിമര്‍ശിച്ച് വീണ്ടും സുപ്രീം കോടതി. ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അവരെ തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും ഷഫിന്‍ ജഹാന്റെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു.. അതേസമയം, വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടാണെന്നും പരമോന്നത കോടതി വ്യക്തമാക്കി.
വിവാഹ ഉത്തരവില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച സുപ്രീംകോടതി, വിവാഹവും എന്‍.ഐ.എ അന്വേഷണവും രണ്ടാണെന്ന് വ്യക്തമാക്കുകയായിരുന്നു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. കൂടാതെ വിഷയത്തില്‍ ഹാദിയക്ക് പറയാനുള്ളത് കോടതി കേള്‍ക്കുമെന്നും, സുപ്രീ കോടതി വ്യക്തമാക്കി.
അതേസമയം, വാദത്തിനിടെ കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ശഫിന്‍ ജഹാന്റെയും എന്‍ഐഎയുടെയും അഭിഭാഷകര്‍ തമ്മിലാണ് കോടതിയില്‍ വാക്കുപോരിലേര്‍പ്പെട്ടത്. എന്‍.ഐഎ കേന്ദ്ര സര്‍ക്കാറിന്റെ കയ്യിലെ പാവയെന്ന് ശഫിന്‍ ജഹാന്റെ അഭിഭാഷകര്‍ ആരോപിച്ചു. അഭിഭാഷക നടപടിയിൽ ചീഫ് ജസ്റ്റിസ് പ്രതിഷേധം രേഖപ്പെടുത്തി.
എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് സുപ്രീംകോടതി ഇന്ന് കേസില്‍ ഇടപെട്ടത്. എന്നാല്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവും, നിമിഷ ഫാത്തിമയുടെ അമ്മയും നല്‍കിയിരിക്കുന്ന അപേക്ഷകള്‍ കൂടി പരിഗണിച്ചാവും കോടതിയുടെ തീരുമാനം വരുന്നത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ വിധി നിയമസാധുത ഉള്ളതാണോ, കേസില്‍ എന്‍.ഐ.എ അന്വേഷണം വേണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചു്. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും വ്യക്തമാക്കിയിരിന്നു.