X

ഇടതു സര്‍ക്കാറിന് കോടതി നല്‍കുന്ന പാഠം

The Supreme Court of India in New Delhi on Sept 1, 2014. The government Monday told the Supreme Court that they stood by its verdict holding allocation of coal blocks since 1993 as illegal, and was ready to auction these blocks if they are cancelled but sought exceptions for some mines which were operational.. (Photo: IANS)

രാകേഷ്

പിണറായി വിജയന്‍ സര്‍ക്കാരിന് ശനിദശയാണ്. തിരിച്ചടികള്‍ ഒന്നിന്നുപിറകെ ഒന്നായാണ് വന്നുപതിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി പഴി കേള്‍പ്പിച്ചത് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും വിജിലന്‍സും ആയിരുന്നെങ്കില്‍ അടുത്തത് മൂന്നാറിലെ കയ്യേറ്റമൊഴിപ്പക്കലിന്റെ രൂപത്തിലായിരുന്നു. തുടര്‍ന്ന് മുന്നണിയിലെ രണ്ട് പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം മുറുകുമ്പോള്‍ അതാ വരുന്നു അടുത്ത പ്രഹരം എം.എം മണിയുടെ നാക്കിന്റെ രൂപത്തില്‍. സൂചി കൊണ്ടെടുക്കാമായിരുന്ന ജിഷ്ണു വിഷയം ജെ.സി.ബി കൊണ്ടെടുക്കുന്ന കോലത്തിലാക്കിയതും സര്‍ക്കാരിന്റെ കഴിവുകേടും പിടിവാശിയുമായിരുന്നു. ബന്ധു നിയമന വിവാദത്തില്‍ ഇ.പി ജയരാജനും ഫോണ്‍ കെണിയില്‍ പെട്ട് എ.കെ ശശീന്ദ്രനും പുറത്തു പോകേണ്ടി വന്നത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടികളില്‍ ഒന്നാണ്. ഇപ്പോഴിതാ സെന്‍ കുമാര്‍ വിധിയും പിണറായി സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുന്നു.

സെന്‍കുമാറിനെ തിരിച്ചെടുക്കാനുള്ള സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയേക്കാള്‍ ഉപരി സി.പി.എമ്മിനകത്ത് തന്നെ വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തിവിടും എന്ന കാര്യത്തില്‍ സംശയമില്ല. സെന്‍കുമാറിനെ എത്രയും വേഗം പദവിയില്‍ നിന്നു തെറിപ്പിക്കുക എന്നത് കണ്ണൂരിലെ സി.പി.എമ്മിന്റെ ആവശ്യമായിരുന്നു. സര്‍ക്കാര്‍ കാരണമായി പറഞ്ഞത് ജിഷ കേസും പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ വീഴ്ചകളും ഒക്കെയാണെങ്കിലും താന്‍ എന്തുകൊണ്ടാണ് പുറത്താക്കപ്പെട്ടത് എന്നത് പല തവണ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സെന്‍കുമാര്‍ വിശദീകരിച്ചിരുന്നു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ സെന്‍കുമാര്‍ ഇപ്പോള്‍ ബി.ജെ.പി പാളയത്തില്‍ ആണെന്നുവരെ പിണറായി വിജയന്‍ പറയുകയും ചെയ്തു.
സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ്, അരിയില്‍ ഷുക്കൂര്‍ വധക്കേസ് എന്നിവയുടെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് സെന്‍കുമാര്‍ ആയിരുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാവ് പി ജയരാജന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതാണ് തന്റെ ഔദ്യോഗിക ജീവിതം തകര്‍ത്തതെന്ന് സെന്‍കുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. സെന്‍കുമാറിന്റെ നടപടികള്‍ കണ്ണൂരിലെ സി.പി.എം നേതൃത്വത്തെ വല്ലാതെ പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ ഡി.ജി.പിയായിരുന്ന കാലത്ത് കണ്ണൂരില്‍ ഒരു കൊലപാതകം മാത്രമാണ് നടന്നത് എന്നും അതിന് ശേഷം ഒമ്പതെണ്ണം നടന്നു എന്നുമാണ് സെന്‍കുമാര്‍ കോടതിയില്‍ ഉന്നയിച്ച ഒരു വാദങ്ങളില്‍ ഒന്ന്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പ്രതികാര ബുദ്ധിയോടെ എന്ന മട്ടില്‍ എടുത്ത തീരുമാനമാണ് ഇവിടെ തകര്‍ന്നു വീണിരിക്കുന്നത്. പൊലീസ് സേനയെ എ.കെ.ജി സെന്ററില്‍ നിന്നോ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്നോ എല്ലാ കാലത്തും നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നു തന്നെയാണ് പുതിയ വിധി നല്‍കുന്ന സൂചന. അതായിരിക്കട്ടെ പിണറായി സര്‍ക്കാരിനുള്ള പാഠവും. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിയ ഒരുദ്യോഗസ്ഥനെ കോടതി ഇടപെട്ട് തിരികെ ആ സ്ഥാനത്തേക്ക് തന്നെ എത്തിക്കുന്നത്. ശക്തമായ മുന്നറിയിപ്പും കോടതി സര്‍ക്കാരിന് നല്‍കി. ആരോപണങ്ങളെ തുടര്‍ന്ന് മന്ത്രിമാര്‍ രാജി വെക്കുന്നതിനെക്കാള്‍ അപമാനമാണ് സര്‍ക്കാരിന് ഇപ്പോഴുള്ളത്.
സംസ്ഥാന ചരിത്രത്തില്‍ പലതുകൊണ്ടും പുതുമയുള്ള ഒന്നാണു ടി.പി സെന്‍കുമാര്‍ കേസ്. പുതിയ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോള്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തുന്നത് പതിവാണെങ്കിലും പിടിപ്പുകേടിന്റെ പേരില്‍ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയെ മാറ്റിയതിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയത് അപ്രതീക്ഷിതമായൊരു നീക്കമായിരുന്നു. തങ്ങള്‍ക്ക് അനഭിമതരായ ഉദ്യോഗസ്ഥരെ സ്വയം പുറത്തു പോകാന്‍ നിര്‍ബന്ധിതരാക്കുകയാണു സര്‍ക്കാരുകള്‍ ചെയ്യുക. എന്നാല്‍ സെന്‍കുമാറിന്റെ കാര്യത്തില്‍ പുറത്താക്കല്‍ തന്നെ നടന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അധികാരപരിധിയില്‍ പൊലീസിന്റെ കാര്യക്ഷമത സംബന്ധിച്ച് ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടായാല്‍ ആ ഉദ്യോഗസ്ഥനെ സര്‍ക്കാരിനു മാറ്റാം. കേരള പൊലീസ് ആക്ട് 97(2)(ല) വകുപ്പ് അതിന് അനുവദിക്കുന്നുണ്ട്. ഈ വകുപ്പ് അനുസരിച്ചാണ് സര്‍ക്കാര്‍ സെന്‍കുമാറിനെ നീക്കം ചെയ്തതെങ്കിലും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു പൊലീസ് മേധാവി സര്‍ക്കാര്‍ നടപടിക്കെതിരേ കോടതിയെ സമീപിച്ചു. ആ നീക്കത്തില്‍ ഉദ്യോഗസ്ഥന്‍ ജയിക്കുകയും സര്‍ക്കാര്‍ പരാജയപ്പെടുകും ചെയ്തിരിക്കുന്നു.
നിര്‍ണായകമായ പദവിയില്‍ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തു നിന്ന് മാറ്റുന്നത് അതീവ പരിഗണനയും ഗൗരവവും അര്‍ഹിക്കുന്നുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ഒരു ഉദ്യോഗസ്ഥനെ ചതുരംഗത്തിലെ കാലാളിനെപ്പോലെ ഉപയോഗിക്കരുത്. പുറ്റിങ്ങള്‍ ദേവീക്ഷേത്രത്തിലെ മത്സര വെടിക്കെട്ടില്‍ സെന്‍കുമാര്‍ മാത്രം കുറ്റക്കാരനാണെന്ന് പറയാനാവില്ല. സംഭവത്തില്‍ കുറ്റക്കാരാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) റിപ്പോര്‍ട്ട് നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുത്തില്ല. ജില്ലാ ഭരണകൂടത്തിനും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. പുറ്റിങ്ങല്‍ ദുരന്തം, ജിഷ വധം എന്നിവ മുന്നില്‍ വെച്ച് അപ്പീലുകാരനെതിരെ സ്വീകരിച്ച നടപടി ന്യായരിഹതവും തോന്ന്യാസവുമാണ് എന്ന് പറയാന്‍ തങ്ങള്‍ക്ക് സങ്കോചമില്ലെന്നും കോടതി വ്യക്തമാക്കി.
കണ്ണൂരില്‍ എസ്.പി ആയിരുന്ന സമയം തൊട്ട് തനിക്കെതിരേ ബോധപൂര്‍വമായ നടപടികള്‍ ഉണ്ടായിക്കൊണ്ടിരുന്നതാണെന്നും അന്നൊന്നും താന്‍ നിയമത്തിന്റെ വഴിയില്‍ പോയിരുന്നില്ലെന്നും എന്നാല്‍ ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റിയത് അപമാനിച്ചു പുറത്താക്കല്‍ തന്നെയായിരുന്നുവെന്നും സെന്‍കുമാര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു.
പിടിപ്പുകേട് ആരോപിച്ച് സെന്‍കുമാറിനെ യൂണിഫോം ഇടേണ്ടാത്ത സ്ഥാനത്തേക്കു മാറ്റി പകരം ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയാക്കിയ പിണറായിക്ക് ജിഷ കേസില്‍ ഒരു പ്രതിയെ പിടിക്കാന്‍ കഴിഞ്ഞെങ്കിലും ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്നേ തന്നെ പൊലീസിനെ കൊണ്ടു മാത്രം ഉണ്ടായ നാണക്കേടുകള്‍ വിരലില്‍ എണ്ണാവുന്നതിനും മുകളിലാണ്. പൊലീസ് വീഴ്ചകള്‍ ദിനംപ്രതിയെന്നോണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമാണ്. വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ ആദ്യത്തെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം ഉണ്ടായത്, ജിഷ്ണു പ്രണോയ് കേസില്‍ തുടക്കത്തില്‍ തൊട്ട് ഉണ്ടായ വീഴ്ചകള്‍, ജിഷ്ണുവിന്റെ അമ്മക്ക് ഡി.ജി.പി ഓഫീസിനു മുന്നില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുടങ്ങി ബെഹ്‌റയുടെ പിടിപ്പുകേടുകള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍. പക്ഷേ ഈ പിടിപ്പുകേടുകളോട് മൗനം പാലിക്കുകയും കേവലം രണ്ടു കേസിന്റെ പേരില്‍ ഡി.ജി.പി സ്ഥാനത്തു നിന്നു തന്നെ സെന്‍കുമാറിനെ മാറ്റുകയും ചെയ്തത് പ്രത്യേക താത്പര്യപ്രകാരമാണെന്ന ആക്ഷേപം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സുപ്രീം കോടതി വിധി.
കോടതിവിധി അനുകൂലമായി വന്നതില്‍ സന്തോഷമുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിനോട് തനിക്ക് ഏതെങ്കിലും തരത്തിലുള്ള വിപ്രതിപത്തി ഇല്ലെന്നാണ് സെന്‍കുമാര്‍ പറയുന്നത്. പക്ഷേ ഉള്ളില്‍ തന്നെ അപമാനിച്ചവരോട് പോരാടി ജയിച്ചതിന്റെ ഒരാഘോഷം നടക്കുന്നുണ്ടെന്നും സെന്‍കുമാറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കോടതി വിധിയുമായി വീണ്ടും ഡി.ജി.പി കസേരയില്‍ ഒരു ദിവസമെങ്കിലും ഇരുന്നിട്ട് പിരിയാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും പറയുന്നു. ജയത്തോടെ തന്നെ പടിയിറങ്ങുകയാണ് ടി.പി സെന്‍കുമാര്‍ ഉദ്ദേശിക്കുന്നത്. ഇഷ്ടമില്ലാത്തതിന്റെ പേരില്‍ നീക്കിയ അതേ കസേരയിലേക്ക് സെന്‍ കുമാര്‍ തിരിച്ചെത്തുന്നത് പിണറായിക്ക് വന്‍ തിരിച്ചടിയാണ്.

chandrika: