ഇസ്‌ലാമാബാദ്: പാകിസ്താനില്‍ അവിശ്വാസ പ്രമേയം വോട്ടിനിടാതെ ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി ഇന്നത്തേക്ക് മാറ്റി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്ന് രാവിലെ 11.30 ഓടെ ഇരുവിഭാഗവും വാദം പൂര്‍ത്തീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ വിധി പ്രസ്താവിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഇന്നലെ വാദത്തിനിടെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍മേല്‍ എടുത്ത നടപടികളുടെ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അവിശ്വാസ പ്രമേയം വോട്ടിനിടാതെ ദേശീയ അസംബ്ലി പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയുടെ നിയമസാധുത സംബന്ധിച്ചാണ് കോടതിയില്‍ വാദം കേള്‍ക്കുന്നത്. മുന്‍ ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിനെ കാവല്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ നാമനിര്‍ദേശം ചെയ്തിരുന്നു. എന്നാല്‍ ഇതിനോടു സഹകരിക്കില്ലെന്ന് ഷഹബാസ് ഷരീഫ് വ്യക്തമാക്കിയിട്ടുണ്ട്.