ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പിമാരായ കെ.കെ ജോഷ്വ, എസ് വിജയന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്.
നമ്പി നാരായണനെ അറസ്റ്റു ചെയ്തതെന്ന് അനാവശ്യമാണെന്ന് സുപ്രീംകോടതി വിധി പ്രസ്താവത്തിനിടെ വ്യക്തമാക്കി. അനാവശ്യമായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നും പീഡിപ്പിച്ചതാണെന്നും കണ്ടെത്തിയ കോടതി സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. മുന്‍ ജഡ്ജി ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയെയാണ് കോടതി അന്വേഷണ ചുമതല നല്‍കിയത്.
നമ്പി നാരായണന് നല്‍കേണ്ട നഷ്ടപരിഹാര തുക ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്ന് സുപ്രീംകോടതി കേസില്‍ വാദം കേള്‍ക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു.
ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്‍ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതായിരുന്നു ചാരക്കേസ്. തെളിവുകളുടെ അഭാവത്തില്‍ 2012ല്‍ നമ്പി നാരായണനെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. പത്തു ലക്ഷം രൂപയുടെ നഷ്ടപരിഹാരവും വിധിച്ചിരുന്നു. കേസ് അന്വേഷിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.